സംസ്ഥാനത്ത് എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി വിവിധതരം പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇവയെ പ്രതിരോധിക്കുന്നതിനായി കിളിമാനൂർ സർക്കാർ ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ ഹോമിയോ പ്രതിരോധ മരുന്നുകൾ പ്രദേശത്തെ വീടുകളിൽ വിതരണം ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ഓരോ വീടും സന്ദർശിച്ച് കുടുംബാംഗങ്ങൾക്കെല്ലാവർക്കും പകർച്ചപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശവും ബോധവത്കരണവും നൽകുന്നതിനൊപ്പം പ്രതിരോധ മരുന്ന് കഴിക്കേണ്ട വിധവും മനസിലാക്കിക്കൊടുത്തു. രക്ഷാധികാരി മോഹൻ വാലഞ്ചേരി, പ്രസിഡന്റ് എൻ. ഹരികൃഷ്ണൻ, ട്രഷറർ എസ്. വിപിൻ, വൈസ് പ്രസിഡന്റുമാരായ പ്രഫ.എം.എം. ഇല്യാസ്, ആർ.അനിൽകുമാർ, സെക്രട്ടറിമാരായ എസ്.ജയചന്ദ്രൻ, ജ്യോതിലക്ഷ്മി, ധന്യ.സി തുടങ്ങിയവർ പങ്കെടുത്തു.