വർക്കല :വർക്കലയിൽ കന്നുകാലികളെയും വളർത്തു മൃഗങ്ങളെയും മോഷ്ടിക്കുന്ന പ്രതി പിടിയിൽ. വർക്കല കുരയ്ക്കണ്ണി സ്വദേശി ഫാന്റം പൈലി എന്ന് അറിയപ്പെടുന്ന ഷാജിയെയാണ് വർക്കല പോലീസ് പിടികൂടിയത്.കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കവർച്ച, ഭവനഭേദനം ,മയക്കുമരുന്ന് കച്ചവടം എന്നിവ ഉൾപ്പടെ 50 ഓളം കേസ്സുകളിൽ പ്രതിയാണ്.കൊട്ടിയം ഹോളിക്രോസ് ആശുപത്രിയുടെ പുറക് വശമുള്ള കൊട്ടുംപുറം കോളനിക്ക് സമീപമുള്ള വാടക വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.
മെയ് 09ന് രാത്രി വർക്കല കുരയ്ക്കണി സ്വദേശി സമീറിന്റെ 50000 രൂപ വിലമതിക്കുന്ന 3 പോത്തുകളെ പിക്കപ് വാനിൽ കയറ്റി കൊണ്ടു പോയി നിരവധി കേസ്സുകളിൽ പ്രതിയായ ആട് മണി എന്നയാൾക്ക് വിറ്റ കേസ് , 10-07-19 ൽ രാത്രി 12 മണിക്ക് കുരയ്ക്കണ്ണി സ്വദേശികളായ സുഹറ ബീവി ,ശ്രീലത ,ശാരങ്ങധരൻ എന്നിവരുടെ വീട്ടിലെ ഷെഡിൽ നിന്നും 8ഓളം അടുകളെ മോഷ്ടിച്ച് കൊണ്ട് പോയി ആട് മണി മുഖാന്തിരം ഉമയനെല്ലൂരിലെ ഇറച്ചി വ്യാപാരികൾക്ക് വിറ്റ കേസ്, എന്നിവയാണ് പ്രതി അടുത്തിടെ ചെയ്ത കുറ്റം. 2006 മുതൽ 2019 വരെയുള്ള കാലയളവിൽ എറണാകുളം ജില്ലയിലെ പിറവം, കോതമംഗലം ,മൂവാറ്റുപുഴ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്വർണവും പണവും അപഹരിച്ച കേസ് കൊല്ലം ,കൊട്ടാരക്കര ,ചടയമംഗലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഭവനഭേദനം, പിടിച്ചുപറി ,കഞ്ചാവ് കച്ചവടം എന്നീ കേസ്സുകളിലും ഇയാൾ പ്രതിയാണ്. 2014-ൽ എറണാകുളം കോടതിയിൽ കൊണ്ട് പോകും വഴി കൊല്ലത്തിനും , പരവൂരിനും ഇടയിൽ ട്രെയിനിൽ നിന്ന് കായലിൽ ചാടി പോലീസിൽ നിന്നും രക്ഷപ്പെട്ടതിനും കേസ്സുണ്ട്. 6 മാസത്തിനിടെ നടന്ന 12 ഭവനഭേദന കേസ് ,പള്ളിക്കൽ ,വർക്കല ,പരവൂർ എന്നീ സ്റ്റേഷനുകളിലും ,വർക്കല തിരുവമ്പാടി ബീച്ചുകളിൽ വരുന്ന വിദേശ വനിതകളെ ആയുധം കാട്ടി കവർച്ച നടത്തിയ കേസ്സുകളിലും പ്രതിയാണ്. കൊല്ലം ,തിരുവനന്തപുരം ,എറണാകുളം ജില്ലയിലെ വിവിധ കോടതികളിലായി ഇയാൾക്കെതിരെ 10-ഓളം വാറണ്ടുകൾ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്നും 10-ഓളം ആടുകളെ പോലീസ് കണ്ടെടുത്ത് ഉടമസ്ഥർക്ക് തിരികെ നൽകി.
വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ ശ്യാംജി ,എ. എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒ മാരായ മുരളീധരൻ ,നസറുള്ള സി.പി.ഒമാരായ ഹരീഷ് ,നാഷ് ,ഷമീർ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.