തിരുവനന്തപുരം: സംസ്ഥാനത്തെ 86 നഗരസഭകളിലും, 6 കോർപ്പറേഷനുകളിലും കണ്ടിജന്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് അർഹമല്ലാതെ ലഭിക്കുന്ന അനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഇത്തരക്കാർ ജോലി ചെയ്യുന്ന നഗരസഭകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് അല്ലാതെ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഡ്രൈവർ, ശിപായി, ക്ലർക്ക്, ഡാറ്റഎൻട്രി തുടങ്ങിയ ജോലികൾ ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള യൂണിഫോം, യൂണിഫോം തയ്യൽകൂലി, ഗംബൂട്ട്, ഗ്ലൗസ്, പ്രതിമാസത്തെ 400ഗ്രാം സോപ്പ്, ചൂൽ അലവൻസ് എന്നിവ ഒഴിവാക്കും. ഈ വിഷയം സർക്കാരിന്റെ പരിഗണനയിലാണ്. കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആയിരക്കണക്കിന് തൊഴിലാളികളാണ് ശുചീകരണ ജോലി ചെയ്യാതെ അനർഹമായി ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത്. ഇതിനെതിരെ നിരവധി പരാതികൾ ധനകാര്യവകുപ്പിനും, നഗരകാര്യ ഡയറക്ടർക്കും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനർഹമായ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കാൻ അധികൃതർ തീരുമാനിച്ചത്.