എലിപ്പനി, പേവിഷബാധ, ,നിപ്പ, ബ്രൂസല്ലോസിസ്, ആന്ത്രാക്സ് തുടങ്ങി പല ജന്തുജന്യരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജന്തുക്കളോടും അവയുടെ സ്വാഭാവിക പരിസ്ഥിതികളോടും ഇടപെടുന്നവർ വളരെ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു.
പേ വിഷബാധ ഒഴിവാക്കുന്നതിനായി പട്ടി, പൂച്ച തുടങ്ങിയവയെ പരിപാലിക്കുന്നവർ പ്രതിരോധകുത്തിവയ്പ്പ്എടുക്കണം. മനുഷ്യരുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവും. വീട്ടിൽ വളർത്തുന്ന പക്ഷിമൃഗാദികളുടെ രോഗനിരീക്ഷണവും ചികിത്സയും രോഗപ്രതിരോധ കുത്തിവയ്പ്പുകളും ഏറ്റവും പ്രധാനമാണ്. പേവിഷബാധയ്ക്കെതിരെ ലൂയി പാസ്ചർ വാക്സിൻ കണ്ടുപിടിച്ചതിന്റെ സ്മരണയ്ക്കായി ജൂലൈ 6 ലോക ജന്തു ജന്യ രോഗദിനമായി ആചരിക്കുന്നു. ജന്തു ജന്യ രോഗങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കുക, ഇത്തരം രോഗങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുക തുടങ്ങിയവയാണ് ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. പക്ഷിമൃഗാദികളെ പരിരക്ഷിക്കുന്നവർ സ്വയം രക്ഷോപാധികൾ സ്വീകരിക്കണമെന്നും രോഗലക്ഷണങ്ങൾ പ്രകടമായാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നും ഡിഎംഒ അഭ്യർത്ഥിച്ചു.
മഴപെയ്യുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകളിൽ ഇറങ്ങാതെ പരമാവധി ശ്രദ്ധിക്കണം. കെട്ടികിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്. കുട്ടികളെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാനോ കുളിക്കാനോ മീൻ പിടിക്കാൻ ഇറങ്ങാനോ അനുവദിക്കരുതെന്നും ഡി എം ഒ അഭ്യർത്ഥിച്ചു.