കേരസമൃദ്ധി കേരഗ്രാമം പദ്ധതിക്ക് തുടക്കമായി
സമഗ്ര നാളികേര വികസനം ലക്ഷ്യമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന ‘കേരസമൃദ്ധി കേരഗ്രാമം’ പദ്ധതി ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. കരകുളം ഗ്രാമപഞ്ചായത്ത് കല്ലയം വാർഡിലെ കാരമൂട്ടിൽ തെങ്ങിൻ തൈ നട്ടുകൊണ്ട് മന്ത്രി പദ്ധതിക്ക് തുടക്കമിട്ടു.
കാർഷിക ഉദ്പാദനമേഖലയിൽ കേരളത്തിന്റെ വളർച്ചയ്ക്ക് ത്രിതല പഞ്ചായത്തുകൾ പ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു. ക്ഷീരം, പച്ചക്കറി, നെല്ല് എന്നിവയിലെന്നപോലെ നാളികേര ഉത്പാദനത്തിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് കേരസമൃദ്ധി കേരഗ്രാമം പദ്ധതി സഹായകരമാകും. നാടിന്റെ തനതായ കാർഷിക ഉത്പന്നങ്ങളുടെ ഉദ്പാദനം വ്യാപിപ്പിക്കുന്നതിലൂടെ ഗ്രാമീണമേഖലയിലെ കുടുംബങ്ങളിൽ വരുമാന വർധനവാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ജൈവഗ്രാമത്തിലെ സമൃദ്ധി തെങ്ങിൻ തൈ നഴ്‌സറിയിൽ ഉത്പാദിപ്പിക്കുന്ന അത്യുത്പാദന ശേഷിയും രോഗപ്രതിരോധശേഷിയുമുള്ള തെങ്ങിൻതൈകൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കി, കരകുളം, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം ഗ്രാമപഞ്ചായത്തുകളിലെ കർഷകരുടെ കൃഷിയിടങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നട്ടുപരിചരിക്കപ്പെടുന്ന സമഗ്ര പദ്ധതിയാണ് കേരസമൃദ്ധി കേരഗ്രാമം. മൂന്ന് വർഷമാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം പരിചരണം നൽകുന്നത്. നാളികേര സമൃദ്ധിയിലേക്ക് നാടിനെ തിരികെ കൊണ്ടുപോകുകയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വൈശാഖ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി.യു, കരകുളം വാർഡ് മെമ്പർ ആർ.ഹരികുമാരൻ നായർ, മറ്റ് ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ, കരകുളം കൃഷി ഓഫീസർ ഇൻ ചാർജ് ഡേ.തുഷാര ചന്ദ്രൻ, പഞ്ചായത്ത്-എം.ജി.എൻ.ആർ.ഇ.ജി.എസ് ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും പങ്കെടുത്തു.