അരുവിക്കര നിയോജക മണ്ഡലത്തിലെ ഉഴമലയ്ക്കൽ ക്ഷീര സംഘത്തിന്റെ പുതിയ കെട്ടിടം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 11 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഗ്രാമപ്രദേശങ്ങളിലെ ക്ഷീരസംഘങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടം പണിതത്.
ക്ഷീരകർഷകരെ സഹായിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും കർഷകരെ സംരക്ഷിക്കുന്നതിന് എല്ലാ സഹായവും ക്ഷീരവികസന വകുപ്പും തദ്ദേശസ്ഥാപനങ്ങളും ഒരുക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. ക്ഷീരസംഘത്തിന്റെ ഓഫീസ്, പാലളക്കുന്നതിനും അനുബന്ധ ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിനും തീറ്റപുൽ സൂക്ഷിക്കുന്നതിനുമുള്ള സൗകര്യം, ഹാൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ട്.
40തോളം കർഷകരാണ് ഉഴമലയ്ക്കൽ ക്ഷീര സംഘത്തിലുള്ളത്. മുതിർന്ന ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ക്ഷീരകർഷകരുടെ മക്കൾക്ക് ക്യാഷ് അവാർഡുകൾ എം.എൽ.എ വിതരണം ചെയ്തു.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത അധ്യക്ഷയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ശേഖരൻ, മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങൾ, ക്ഷീരസംഘം പ്രസിഡന്റ് എസ്.ബിന്ദു, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.