ആറ്റിങ്ങൽ അവനവൻചേരിയിൽ വീട്ടുവളപ്പിലെ മരത്തിൽ മുട്ടയിട്ട് വിരിഞ്ഞ കാട്ടുതാറാവ് ഇനത്തിൽ പെട്ട ചൂളൻ ഇരണ്ടയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. 9 കുഞ്ഞുങ്ങളെയും തള്ള താറാവിനെയുമാണ് പാലോട് നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയത്.
ആറ്റിങ്ങൽ അവനവഞ്ചേരി കരമേൽ വീട്ടിൽ ഷീലയുടെ പറമ്പിലെ മരത്തിനു മുകളിലെ കൂട്ടിലാണ് ചൂളൻ ഇരണ്ട മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രദേശത്ത് അപൂർവ ഇനത്തിലുള്ള ഈ രണ്ട് പക്ഷികളെ കണ്ടു തുടങ്ങിയത്. മരച്ചുവട്ടിൽ മുട്ട കണ്ടതോടെയാണ് മരത്തിനു മുകളിൽ തള്ളപ്പക്ഷി അടയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇന്നു രാവിലെയാണ് പൊതിൽ നിന്ന് കുഞ്ഞുങ്ങൾ ഓരോന്നായി താഴേക്കു പറന്നിറങ്ങാൻ ശ്രമിച്ചത്. പൂച്ചകൾ ഇവയെ പിടിക്കാൻ ശ്രമിച്ചതോടെ വീട്ടുകാർ പക്ഷിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി മറ്റുകയായിരുന്നു. ഒപ്പം തള്ളപ്പക്ഷിയും വീട്ടുകാരുടെ സംരക്ഷണയിലായി.
മരപ്പൊത്തുകളിലും, മറ്റു കിളികളുടെ പഴയകൂട്ടിലും 6 മുതൽ 12 മുട്ട വരെയിടുന്ന ചൂളൻ ഇരണ്ടകൾ കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് സാധാരണയായി കൂടുകൂട്ടാറുള്ളത്. പറക്കുമ്പോൾ ഉള്ള ചൂളം വിളി കാരണമാണ് ഇവയ്ക്ക് ചൂളൻ ഇരണ്ട എന്ന പേര് കിട്ടിയത്.
വീട്ടിൽ നിന്നും ഏറ്റുവാങ്ങിയ പക്ഷി കുഞ്ഞുങ്ങളെ ജലാശയത്തിൽ തുറന്നു വിടാനായിരുന്നു ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും, പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ഉള്ളതിനാൽ അവയെ വളർത്തി വലുതാക്കി തുറന്നുവിടുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു .