Search
Close this search box.

ഷോ കാണിക്കരുതെന്ന് മന്ത്രിമാർ- മുതലപ്പൊഴിയിൽ വൻ പ്രതിഷേധം

images (24)

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേർക്കായി തിരച്ചിൽ പുരോഗമിക്കുന്നതിനിടെ സ്ഥലത്തെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാരായ വി. ശിവൻകുട്ടിയെയും ആന്റണി രാജുവിനെയും ജി.ആർ. അനിലിനെയും മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഇതിനിടെ മത്സ്യത്തൊഴിലാളികൾ ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പറഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

പുലർച്ചെ നാലുമണിക്ക് അപകടമുണ്ടായിട്ടും കോസ്റ്റൽ പോലീസിന്റെ ഭാഗത്തുനിന്നടക്കം രക്ഷാപ്രവർത്തനത്തിനെത്തുന്നതിലുണ്ടായ അലംഭാവം ചൂണ്ടിക്കാണിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മന്ത്രിമാർ വാഹനത്തിൽനിന്ന് ഇറങ്ങിയ ഉടനെത്തന്നെ മത്സ്യത്തൊഴിലാളികൾ ഇവരെ തടഞ്ഞുവെച്ച് പ്രതിഷേധമാരംഭിച്ചു. മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ മന്ത്രിമാരെ അറിയിക്കുകയും വാക്കുതർക്കമുണ്ടാവുകയും ചെയ്തു. പ്രദേശത്ത് അപകടങ്ങൾ തുടർക്കഥയായിട്ടും മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള ഒരു വിധത്തിലുള്ള മുൻകരുതലും മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ മന്ത്രിമാരെ അറിയിച്ചു.

കാണാതായവരുടെ മൃതശരീരമെങ്കിലും കൊണ്ടുതരാൻ കഴിയുമോ എന്ന് കൂടിനിന്നവരിൽ ഒരു സ്ത്രീ ചോദിച്ചു. അത്തരത്തിലുള്ള സംസാരങ്ങൾ ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് വഴിമാറി. ഇതിനിടെയാണ് മത്സ്യത്തൊഴിലാളികൾ ഷോ കാണിക്കരുതെന്ന് മന്ത്രിമാർ പറഞ്ഞത്. ഇതോടെ പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു.

ഷോ കാണിക്കുകയാണെന്ന് മന്ത്രി പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നാല് മൃതദേഹങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. ഈ സാഹചര്യത്തിലും ഞങ്ങൾ പറയുന്നത് കേൾക്കാനുള്ള സന്മനസ് മന്ത്രിമാർ കാണിച്ചില്ല. മന്ത്രി ഞങ്ങൾ ഷോ കാണിക്കുകയാണെന്ന് പറഞ്ഞു. അത് ഞങ്ങളെ വേദനിപ്പിച്ചുവെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

അതേസമയം ഫാദർ യൂജിൻ പെരേരക്കെതിരെ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. മന്ത്രിമാർ അടങ്ങുന്ന സംഘത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് യൂജിൻ പെരേരയാണെന്ന് മന്ത്രി പറഞ്ഞു. നാട്ടുകാർ പക്ഷെ ഫാദർ യൂജിന്റെ നിർദേശങ്ങൾ അവഗണിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ എല്ലാത്തിനും സാക്ഷിയാണ്. വിഴിഞ്ഞം സമരത്തിന്റെ പേരിലെ കലാപ നീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ഫാദർ യൂജിനാണെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു പുരോഹിതനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണുണ്ടായതെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മത്സ്യത്തൊഴിലാളികളോടുള്ള ചൂഷണം അവസാനിപ്പിക്കണം. തീരദേശ പള്ളികളിൽ അനധികൃതമായ പിരിവ് നടക്കുന്നു. ഒരുവർഷം ഒരു കോടി രൂപ വരെ പിരിച്ചെടുക്കുന്ന പള്ളികൾ ഉണ്ട്. ഈ പണത്തിന് കണക്കുണ്ടോ എന്ന് മന്ത്രി ശിവൻകുട്ടി ചോദിച്ചു. അനുമതി ഇല്ലാതെയാണ് ഈ പണപ്പിരിവ് നടക്കുന്നത്. ഇതിനെതിരെ പ്രതികരിക്കുന്നതാണ് സർക്കാരിനെതിരായ നീക്കങ്ങൾക്ക് സഭയെ പ്രേരിപ്പിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

ഇന്ന് വെളുപ്പിനാണ് മത്സ്യബന്ധന വള്ളം മറിഞ്ഞത്. അതിരാവിലെതന്നെ ജില്ലാ ഭരണകൂടം തിരച്ചിലിന് വേണ്ട ക്രമീകരണങ്ങൾ നടത്തിയതായി മന്ത്രിമാർ പറഞ്ഞു. ഡോണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയടക്കമുള്ളവയുടെ സഹായത്തോടെ കോസ്റ്റ് ഗാർഡ്, ലോക്കൽ പോലീസ്, മറൈൻ എൻഫോഴ്സ്മെന്റ് തുടങ്ങിയ ഏജൻസികൾ തിരച്ചിൽ രാവിലെ തന്നെ ആരംഭിച്ചു. ജില്ലാ അദാലത്ത് വെട്ടിച്ചുരുക്കി മന്ത്രിമാരും ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തി.

മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത് സശ്രദ്ധം കേട്ടതായി മന്ത്രിമാർ പറഞ്ഞു. സ്കൂബാ ഡൈവേഴ്സിന്റെ സേവനം മത്സ്യത്തൊഴിലാളികളുടെ ആവശ്യപ്രകാരം ലഭ്യമാക്കി. ഇതിനുശേഷം മരിച്ച മത്സ്യത്തൊഴിലാളി കുഞ്ഞുമോന്റെ മൃതദേഹത്തിൽ മന്ത്രിമാർ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും ചെയ്തു

തുടർന്ന് മന്ത്രിമാർ തിരികെ പോകാൻ ഒരുങ്ങുമ്പോഴാണ് ബിഷപ്പ് തോമസ് നെറ്റോയും ഫാദർ യുജീൻ പേരേരയും സംഭവസ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉടൻ ഫാദർ യുജീൻ പെരേര മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നാണ് മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണം. എന്നാൽ നാട്ടുകാർ സംയമനം പാലിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വി ജോയി എം. എൽ. എ., ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഐ എ എസ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു. തുടർന്നുള്ള നടപടികൾ ഏകോപിപ്പിക്കാൻ മന്ത്രിമാരുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ ആർ ഡി ഒയെ ചുമതലപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!