ആറ്റിങ്ങൽ: ആറ്റിങ്ങൽ ബാറിലെ സീനിയർ അഡ്വക്കേറ്റ് എ.ഗോപാലകൃഷ്ണൻ നായർക്ക് വൈസ്മെൻ ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് ഗവർണർക്കുള്ള എൽമർ ക്രോ പുരസ്കാരം സമ്മാനിച്ചു. നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ നടന്ന ചടങ്ങിൽ വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് മൂൺ സാംങ് ബോംങാണ് പുരസ്കാരം നൽകിയത്. വൈസ്മെൻ ഇന്റർനാഷണൽ ഇന്ത്യ ഏരിയ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൺ ഡിസ്ട്രിക്ട് ഒന്നിന്റെ 2018 -19 വർഷത്തെ ഡിസ്ട്രിക്ട് ഗവർണർ ആയിരുന്ന ഗോപാലകൃഷ്ണൻ നായർ മുപ്പതു ലക്ഷത്തിലധികം രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് ഈ കാലയളവിൽ നടത്തിയത്. ഇത് പരിഗണിച്ചാണ് അവാർഡ്. മികച്ച ഡിസ്ട്രിക്ട് ഗവർണർക്കുള്ള വൈസ്മെൻ ഇന്ത്യ ഏരിയാ പുരസ്കാരവും, റീജിയൺ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ്, ഏരിയാ പ്രസിഡന്റ് ഡോ. കെ.സി.സാമുവൽ, റീജിയണൽ ഡയറക്ടർ അഡ്വ. എൻ.സതീഷ് കുമാർ എന്നിവർ പങ്കെടുത്തു