ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ വാനിലേക്ക് കുതിച്ചുയര്‍ന്നു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ വിക്ഷേപണത്തറിയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.35നായിരുന്നു വിക്ഷേപണം. വികേ്ഷപണം കഴിഞ്ഞ് 22ാം മിനുട്ടില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. രാജ്യം മുഴുവൻ ചന്ദ്രയാനിലേക്ക് ഉറ്റുനോക്കുന്ന നിമിഷങ്ങളാണിനി.
അര മണിക്കൂറിനുള്ളില്‍ എല്‍ വി എം 3 പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള താത്കാലിക ഭ്രമണപഥത്തില്‍ എത്തിക്കും. തുടര്‍ന്ന് പടിപടിയായി ഭ്രമണപഥം ഉയര്‍ത്തി പേടകത്തെ ചന്ദ്രനിലേക്ക് തൊടുത്തുവിടും. ദീര്‍ഘ യാത്രക്ക് ശേഷം ആഗസ്റ്റ് അവസാന വാരം പേടകം ചാന്ദ്രപ്രതലത്തിന് 100 കിലോമീറ്റര്‍ അരികിലേക്ക് എത്തും. ഭ്രമണപഥം വിട്ട് കഴിഞ്ഞാല്‍ 20 മിനുട്ട് കൊണ്ട് ലാന്‍ഡ് ചെയ്യിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി. ഇതനുസരിച്ച് ആഗസ്റ്റ് 23നോ 24നോ ലാന്‍ഡറിനെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യിക്കാനാകുമെന്നാണ് കരുതുന്നത്.
ചന്ദ്രയാന്‍ രണ്ടില്‍ ഉപയോഗിച്ച ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റിന്റെ കരുത്തുറ്റതും പരിഷ്‌കരിച്ചതുമായ പതിപ്പാണ് ചാന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപേയാഗിക്കുന്ന എല്‍ വി എം 3. തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രമാണ് ഈ റോക്കറ്റ് വികസിപ്പിച്ചത്. ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് 4,000 കിലോയിലധികമുള്ള ഉപഗ്രഹങ്ങളെയും താഴ്ന്ന ഭ്രമണപഥത്തിലേക്ക് 10,000 കിലോയുള്ള ഉപഗ്രഹങ്ങളെയും വിക്ഷേപിക്കാന്‍ ശേഷിയുള്ള എല്‍ വി എം 3ക്ക് 43 മീറ്റര്‍ നീളവും നാല് മീറ്റര്‍ വ്യാസവും 640 മെട്രിക് ടണ്‍ ഭാരവുമുണ്ട്.
ചന്ദ്രനില്‍ ഇറങ്ങാന്‍ പോകുന്ന ലാന്‍ഡര്‍ മൊഡ്യൂള്‍, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാന്‍ ലക്ഷ്യമിടുന്ന റോവര്‍, ലാന്‍ഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിക്കാന്‍ സഹായിക്കുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണ് ചന്ദ്രയാന്‍ മൂന്നിനുള്ളത്. ഓര്‍ബിറ്റര്‍ അഥവാ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍ കാര്യമായ ശാസ്ത്ര ഗവേഷണ ഉപകരണങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്റര്‍ ഇപ്പോഴും പ്രവര്‍ത്തന സജ്ജമായതിനാല്‍ അതിനെ കൂടി മൂന്നാം ദൗത്യത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.
നാല് പേലോഡുകള്‍ വഹിക്കുന്ന ലാന്‍ഡറാണ് വിക്ഷേപണത്തിലെ ഏറ്റവും നിര്‍ണായകമായ ഘടകം. ലാന്‍ഡറാണ് ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക. മെച്ചപ്പെട്ട സെന്‍സറുകളും കരുത്തുറ്റ കാലുകളും സംവിധാനിച്ച് ലാന്‍ഡറിനെ ഐ എസ് ആര്‍ ഒ കൂടുതല്‍ കരുത്തുറ്റതാക്കിയിട്ടുണ്ട്. ലാന്‍ഡറില്‍ ഒളിച്ചിരിക്കുന്ന റോവര്‍ എന്ന കുഞ്ഞന്‍ റോബോട്ടാണ് ശാസ്ത്രലോകത്തിന് നിര്‍ണായകമായ വിവരങ്ങള്‍ നല്‍കാന്‍ പോകുന്നത്. 26 കിലോഗ്രം മാത്രമാണ് ഇതിന്റെ ഭാരം. ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിക്കഴിഞ്ഞാല്‍ അതിനുള്ളില്‍ നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന റോവര്‍ ചന്ദ്രന്റെ കാണാലോകത്തേക്ക് നമ്മളെ നയിക്കും. ചന്ദ്രന്റെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക് ഡൗണ്‍ സ്പെക്‌ട്രോസ്‌കോപ്പും ചന്ദ്രനിലെ മൂലക സാന്നിധ്യം പഠിക്കാനുള്ള ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ് റേ സ്പെക്‌ട്രോ മീറ്ററും ഈ റോവറിലുണ്ട്.
ഒരു ചാന്ദ്ര പകല്‍, അഥവാ ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസമാണ് റോവറിന്റെ പ്രവര്‍ത്തന സമയം. ഈ പതിനാല് ദിവസങ്ങള്‍ വിജയകരമായി പിടിച്ചുനില്‍ക്കാനായാല്‍ ചാന്ദ്രയാന്‍ മൂന്ന് ദൗത്യം മഹാവിജയമായി മാറും.