വർക്കല : അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ പൊതുജന സമ്പർക്ക പരിപാടിയിലൂടെ ജനശ്രദ്ധ ആകർഷിച്ച മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച അനുശോചനയോഗം വിലയിരുത്തി. സാധാരണ ജനങ്ങളുടെ പ്രശ്നപരിഹാരത്തിന് നിരന്തരം പ്രവർത്തിച്ച അദ്ദേഹം ജനകീയത യുടെ പര്യായവും പകരം വയ്ക്കാനാവാത്ത മനുഷ്യസ്നേഹിയുമായിരുന്നുവെന്ന് ഫോറം പ്രസിഡന്റ് എം. ഖുത്തുബ് അഭിപ്രായപ്പെട്ടു. ദീർഘവീക്ഷണവും അചഞ്ചലമായ പ്രതിബദ്ധതയും നിറഞ്ഞ അദ്ദേഹത്തിന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ വികസന പദ്ധതികളിൽ അദ്ദേഹത്തിൻ്റെ കൈയ്യൊപ്പ് വളരെ പ്രധാനമാണ്. കഴിവുറ്റ ഭരണാധികാരിയും ജന ജീവിതത്തിൽ ഇഴുകിച്ചേർന്ന വ്യക്തിയുമായിരുന്ന അദ്ദേഹത്തിന്റെ
ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം നവകേരളം കൾചറൽ ഫോറം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം രേഖപ്പെടുത്തി.ഫോറം സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുബാറക്ക് റാവുത്തർ, ആർ.പ്രകാശ്, മനോജ് നാവായിക്കുളം, എ.അഗസ്റ്റിൻ, എം. സിയ ഫാത്തിമ, ജെ. റോബിൻസൺ. എന്നിവർ സംസാരിച്ചു.