പള്ളിക്കൽ : സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നാവായിക്കുളം സർക്കിൾ എക്സൈസ് ഇൻസ്‌പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേർ പിടിയിൽ. കാട്ടുപുതുശ്ശേരി ഭാഗത്ത് നിന്നും 10 പൊതി കഞ്ചാവുമായി അഫ്‌സലും(21), തോളൂർ ഭാഗത്തു നിന്നും 15 പൊതി കഞ്ചാവുമായി പൾസർ 200 മോഡൽ ബൈക്ക് ഉൾപ്പെടെ ഷെമീന മൻസിലിൽ ഷാഹിൻ (21), ഞാറയിൽകോണം പുത്തൻ വീട്ടിൽ ഷംഷീർ (21) എന്നിവരെയാണ് പിടികൂടിയത്. പള്ളിക്കൽ, കുടവൂർ പ്രദേശങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. കഞ്ചാവ് ചെറിയ പൊതികളിലാക്കി ചില്ലറ വില്പന നടത്തുന്ന ഇവർക്ക് തമിഴ്‌നാട്ടില്‍ നിന്നും മൊത്തമായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തെയും അതിന്റെ ഉറവിടവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. ഇൻസ്‌പെക്ടർ സജീവ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ബിനു,അഷറഫ് സിവിൽ എക്സൈസ് ഓഫീസർ മാരായ ഷൈൻ,വിജയകുമാർ,ഷിബുകുമാർ,രാഹുൽ,താരിഖ്, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.