ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിൽ സ്വകാര്യ ബസ് നിർത്തിയിട്ട കാറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ ടാറ്റാ നെക്സോൺ കാറിന് കേടുപാട് സംഭവിച്ചു. കാർ ചെന്ന് ഒരു ഓട്ടോയിലും ഓട്ടോ മറ്റൊരു സ്കൂട്ടറിലും ചെന്നിടിച്ചു.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞാണ് സംഭവം.
വലിയകുന്ന് താലൂക്ക് ആശുപത്രിക്ക് എതിർവശത്ത് ഡോക്ടർ കാർ റോഡ് വശത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ആറ്റിങ്ങൽ – വെഞ്ഞാറമൂട് റൂട്ടിൽ ഓടുന്ന കാർത്തിക ബസ് കാറിന്റെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ മുപ്പത് മീറ്ററോളം മുന്നോട്ട് നീങ്ങിപ്പോയി നിർത്തിയിട്ടിരുന്ന ഓട്ടോയിലും ഓട്ടോ മറ്റൊരു സ്കൂട്ടറിലും ഇടിച്ചു. കാറിലും ഓട്ടോയിലും സ്കൂട്ടറിലും ആരും ഇല്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ബസ്സിൽ കുറച്ച് യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്ന് രണ്ട് പേർക്ക് നിസ്സാരപരിക്ക് മാത്രമാണുള്ളത്.
ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ സ്ഥിരം ആണെന്ന് നാട്ടുകാർ പറയുന്നു.