ആറ്റിങ്ങൽ: നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായുള്ള ആറ്റിങ്ങൽ നഗരസഭയുടെ പ്രവർത്തന റിപ്പോർട്ട് കൈമാറി. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ജനകീയ ഹരിതസഭ റിപ്പോർട്ട് ഓഡിറ്റ് അംഗങ്ങളിൽ നിന്നും ഏറ്റുവാങ്ങി. മാർച്ച് 31 മുതൽ ജൂൺ 1 വരെ നഗരത്തിലുടനീളം നടത്തിയ പ്രവർത്തനങ്ങൾ, വിവിധ ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, സാമ്പിൾ സർവ്വേ, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ എന്നിവയിലൂടെ കണ്ടെത്തിയ വിഷയങ്ങളായിരുന്നു റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യഘട്ടം നടപ്പിലാക്കിയ പ്രവർത്തനങ്ങളിൽ മാലിന്യം ഉറവിടത്തിൽ തരംതിരിക്കൽ, കൈമാറൽ, പൊതുയിട ശുചീകരണം തുടങ്ങിയവ 100 ശതമാനം നടപ്പിലാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ രൂപരേഖാ അവതരണത്തിൽ പ്രത്യേകം തിരഞ്ഞെടുത്ത 15 അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ പരിശോധനക്ക് ശേഷമാണ് ഹരിതസഭ ഓഡിറ്റ് റിപ്പോർട്ട് നഗരസഭാങ്കണത്തിൽ വെച്ച് അധ്യക്ഷക്ക് കൈമാറിയത്. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യസുധീർ, എസ്.ഷീജ, ഗിരിജടീച്ചർ, കൗൺസിലർമാരായ ആർ.എസ്.അനൂപ്, എസ്.സുഖിൽ, ദീപാരാജേഷ്, ലൈലാബീവി, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ രവികുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുധീർരാജ്, റിസോഴ്സ് പേഴ്സൺ സിന്ധു, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
