കിളിമാനൂരിൽ എസ്എഫ്ഐ കെഎസ്‌യു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.ഒൻപത് കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ കിളിമാനൂര്‍ ഏരിയാ സെക്രട്ടറി വൈഷ്ണവിനെ കെ എസ് യു പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.തിങ്കളാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.സംഘടിച്ചെത്തിയ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വൈഷ്ണവ് ജോലി ചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് മുന്നിലെത്തി ആക്രമണ ശ്രമം നടത്തിയെന്നാണ് പരാതി.
കഴിഞ്ഞയാഴ്ച കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജീവനെ കെഎസ് യു ഭാരവാഹിയായ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സ്കൂളില്‍ വെച്ച് മര്‍ദിച്ചതായും ആരോപണം ഉണ്ട്.തുടര്‍ന്ന് സ്കൂളിന് മുന്നില്‍ എസ്എഫ്ഐ , കെ എസ് യു സംഘര്‍ഷം ഉണ്ടാകുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ കെഎസ് യു നേതാവ് ഹരികൃഷ്ണനും പരിക്ക് പറ്റിയിരുന്നു. ഈ വിഷയത്തില്‍ കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 10ന് ഇരുകൂട്ടരെയും വിളിച്ച് വരുത്തി പ്രശ്നം പരിഹരിക്കാന്‍ ഇരിക്കവെയാണ് കെ എസ് യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഒരു സംഘം വൈഷ്ണവ് ജോലിചെയ്യുന്ന കിളിമാനൂരിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന്റെ മുന്നില്‍ എത്തിയത്. സ്ഥാപനത്തിന് ഉള്ളിലായിരുന്ന വൈഷ്ണവിനെതിരെ പുറത്ത് നിലയുറപ്പിച്ച പ്രവർത്തകർ സ്ഥാപനത്തിന്റെ ഗേറ്റ് വലിച്ച് തുറക്കാനും, ഉള്ളില്‍കടന്ന് വൈഷ്ണവിനെ മര്‍ദിക്കാനും ശ്രമിച്ചുവെന്ന് പറയുന്നു. കിളിമാനൂര്‍ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ സംഘര്‍ഷം ഒഴിവാക്കിയത്. പൊലീസ് സംഘത്തിന് നേരെയും ആക്രമിക്കാന്‍ ശ്രമിച്ചതായി ആരോപണമുണ്ട്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്തു. എസ്എഫ്ഐ കിളിമാനൂര്‍ ഏരിയാ സെക്രട്ടറിയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കൊലവിളിനടത്തി ആക്രമണം നടത്താന്‍ എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ അമര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ ഉടന്‍ കിളിമനൂരില്‍ പ്രതിഷേധം സംഘടിപ്പിക്കും.