വിളപ്പിൽ പഞ്ചായത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ കടുംമ്പൂപ്പാറയിൽ വരുന്ന വിനോദ സഞ്ചാരികൾക്ക് കണ്ണിന് കുളിർമയേകുന്ന പൂന്തോട്ടം കാണാം. “നമ്മുടെ ഓണം നമ്മുടെ പൂവ് ” എന്ന ആശയത്തിൽ കാട്ടാക്കട നിയോജക മണ്ഡലം എംഎൽഎ ഐ ബി സതീഷ് നടപ്പാക്കുന്ന 50 ഏക്കറിലെ പൂക്കൃഷിയുടെ ഭാഗമായാണ് വിളപ്പിൽ പഞ്ചായത്തിലെ കടുംമ്പു എസ്റ്റേറ്റിൽ അഞ്ചേക്കർ ജമന്തിക്കൃഷി ആരംഭിച്ചത്. കടുംമ്പൂപ്പാറയുടെ താഴ് വരയിലാണ് പൂ കൃഷി നടത്തുന്നത്.
കടുംമ്പൂപ്പാറയിൽ വരുന്ന വിനോദസഞ്ചാരികൾക്ക് പുതിയ ഒരു അനുഭവമാണ് പൂന്തോട്ടം. നിരവധി പേരാണ് ദിവസവുംപൂക്കളുടെ ഭംഗി ആസ്വദിക്കുവാനും ഫോട്ടോകൾ എടുക്കുവാനുമായി പൂന്തോട്ടത്തിൽ എത്തുന്നത്. 85 ഏക്കർ വരുന്ന കാട് പിടിച്ചു കിടക്കുന്ന സ്ഥലമായിരുന്ന കടുംമ്പൂർ എസ്റ്റേറ്റിലെ അഞ്ചേക്കർ സ്ഥലത്താണ് പൂ കൃഷി നടക്കുന്നത്. വരുന്നവർഷം മുഴുവൻ സ്ഥലങ്ങളിലേക്കും കൃഷി ചെയ്യാനുള്ള പദ്ധതി എംഎൽഎ ആവിഷ്കരിക്കുന്നുണ്ട്.
ഓണത്തിന് പൂക്കൾക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മണ്ഡലത്തിലെ ജനങ്ങളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും തമിഴ്നാട്ടിലെ തോവാളച്ചന്തയെ ആശ്രയിച്ച് അത്തച്ചമയം ഒരുക്കുന്ന മലയാളി സ്വന്തം പൂക്കൾ കൊണ്ട് അത്തച്ചമയങ്ങൾ ഒരുക്കുവാൻ കഴിയുന്ന രീതിയിൽ പൂക്കൃഷി വ്യാപിപ്പിക്കും.
പൂക്കൃഷിക്ക് പുറമേ അടുത്ത ഓണത്തിന് പച്ചക്കറിയിൽ സ്വയം പര്യാപ്ത മണ്ഡലമായി കാട്ടാക്കട മണ്ഡലത്തെ മാറ്റുമെന്നും കേരളത്തിലെ തോവാളയാണ് കാട്ടാക്കട മണ്ഡലം എന്നും എംഎൽഎ പറഞ്ഞു.
ജമന്തിച്ചെടികൾ പൂവിട്ട് തുടങ്ങിയപ്പോൾത്തന്നെ നിരവധി ഓർഡറുകൾ ആണ് വരുന്നത്. കച്ചവടക്കാർ, വിവിധ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിങ്ങനെ നിരവധി ആവശ്യക്കാരാണ് ഉള്ളത്. ടൂറിസം മേഖലയ്ക്കും പുത്തൻ ഉണർവ് നൽകുന്ന ആശയമാണ് ഈ പൂന്തോട്ടങ്ങൾ.
പരിപാലനത്തിനായി
പഞ്ചായത്തും കൃഷി ഭവനും
കൃഷിഭൂമി ഒരുക്കിയത് പഞ്ചായത്തിന്റെ സഹായത്തോടെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ജമന്തിത്തൈകൾ വിതരണംചെയ്ത് നേമം ബ്ലോക്ക് പഞ്ചായത്തും സഹായിച്ചു. ചെടികളുടെ ആരോഗ്യ സംരക്ഷണവും പരിപാലനവും പൂർണമായും വിളപ്പിൽ കൃഷിഭവന്റെ നേതൃത്വത്തിൽ ആണ്.
കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കി ചെടികളുടെ ആരോഗ്യപരിപാലനമായിരുന്നു പ്രധാന വെല്ലുവിളി.
കൃഷി ഓഫീസർ ജയദാസ്, കൃഷി അസിസ്റ്റന്റുമാരായ അനീഷ് കുമാർ, വിശ്വനാഥൻ സുരജ എന്നിവർ കൃഷിക്ക് നേതൃത്വം നൽകി.
കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘നമ്മുടെ ഓണം നമ്മുടെ പൂക്കൾ’ പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിൽ നടപ്പാക്കിയ 25 ഏക്കർ ജമന്തിക്കൃഷിയുടെ വിളവെടുപ്പ് കൊറണ്ടിവിളയിൽ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് മല്ലിക അധ്യക്ഷയായി. എൻആർഇജി ഡയറക്ടർ നിസാമുദീൻ, ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ബി ശശികല, ബ്ലോക്ക് പഞ്ചായത്തംഗം എ ടി മനോജ്, വിശ്വാമിത്ര വിജയൻ, സി ആർ സുനു എന്നിവർ സംസാരിച്ചു