ആലംകോട് : ആലംകോട് നഗരൂർ റോഡിൽ കടവിള ജംഗ്ഷനു സമീപം ഒരു മണിക്കൂറിനിടെ രണ്ടാമത്തെ അപകടം. ആലംകോട് ഭാഗത്തേക്ക് പോയ ഓട്ടോ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. കടവിള സ്വദേശി സത്യനാണ് പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റയാളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാത്രി 8 :15ഓടെയാണ് സംഭവം. സത്യന്റെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. റോഡ് വശത്തു കൂടി നടന്നു പോയ സത്യനെ പിറകിൽ നിന്ന് വന്ന ഓട്ടോ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതിനാൽ വാഹനം അടുത്ത് എത്തുമ്പോൾ മാത്രമാണ് കാൽ നട യാത്രക്കാരെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ നാട്ടുകാർ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവർ അതിന് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
ഇതിനു തൊട്ടടുത്ത് ഒരു മണിക്കൂർ മുൻപാണ് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ആലംകോട് ഭാഗത്തേക്ക് വന്ന തിരുവാതിര ബസ്സിലേക്ക് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. നഗരൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.