പാലോട് പേരയം സ്വദേശി ഉണ്ണിക്കൃഷ്ണനെയാണ് (35) പാലോട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് 4.10നാണ് സംഭവം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിക്കുകയും എന്താണ് ആവശ്യമെന്ന് ഓഫീസ് ചുമതലയുള്ളയാള്‍ തിരക്കിയപ്പോള്‍ ദേഷ്യപ്പെട്ട് ഓഫീസില്‍ ബോംബ് വയ്ക്കാനാണെന്നു പറഞ്ഞ് ഫോണ്‍ കട്ടാക്കി. ഉടൻ തന്നെ വിവരം അധികൃതര്‍ കണ്ട്രോള് റൂമില്‍ അറിയിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്ബര്‍ ട്രാക്ക് ചെയ്യാൻ സൈബര്‍ സെല്ലിന് കൈമാറി.
ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തിയിരുന്നു. മുഖ്യമന്ത്രി ആ സമയം നിയമസഭയിലായിരുന്നു. ഫോണ്‍ ട്രാക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാലോട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതോടെ കണ്ട്രോള് റൂമില്‍ നിന്ന് പാലോട് പൊലീസില്‍ ഇയാളെ കസ്റ്റഡിയിലെടുക്കാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി കണ്ടെത്തിയത്. മാനസിക അസ്വാസ്ഥ്യമുള്ളതിനാല്‍ ഇയാളെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്താതെ രാത്രിയോടെ വിട്ടയച്ചു.