മുതലപ്പൊഴിയിൽ ഡാറ്റാ ശേഖരണത്തിനും വിലയിരുത്തലിനുമായി പുണെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ വിദഗ്ധ സംഘം ശനിയാഴ്ച മുതലപ്പൊഴിയിലെത്തും. പൊഴിയിൽ മണ്ണടിയുന്നതാണ് അഴിമുഖത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള കാരണമെന്ന വിലയിരുത്തലിൽ പൊഴി സുരക്ഷിതമാക്കാൻ നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് സംഘം പഠനം നടത്തും. വിവര ശേഖരണത്തിനും പഠനത്തിനുമായി സിഡബ്ല്യുപിആർഎസിന് 37.45 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. മഴക്കാലത്തിനു മുമ്പുള്ള ഡാറ്റാ ശേഖരണം കഴിഞ്ഞ നവംബറില്‍ പൂര്‍ത്തിയായിരുന്നു. മഴക്കാലത്തിനുശേഷമുള്ള ഡാറ്റാ ശേഖരണവും പഠന റിപ്പോര്‍ട്ടിനുമായാണ് സംഘം വീണ്ടും എത്തുന്നത്. ഡിസംബറിൽ അന്തിമ പഠന റിപ്പോർട്ട് ലഭിക്കും.
അദാനി തുറമുഖ കമ്പനിയുടെ നേതൃത്വത്തിൽ പൊഴിയിലിളകിക്കിടക്കുന്ന പാറകളും മണ്ണും നീക്കം ചെയ്യുന്ന പ്രവൃത്തികൾ കഴിഞ്ഞ ഒരാഴ്ചയായി പുരോഗമിക്കുകയാണ്. നിലവിൽ രണ്ട് എസ്കവേറ്ററുകളും ഒരു ലോങ് ബൂം ക്രെയിനുമുപയോഗിച്ച് തൊഴിലാളികളുടെ സഹായത്തോടെയാണ് വലിയ കരിങ്കൽ പാളികൾ നീക്കം ചെയ്യുന്നത്. കൂടുതൽ വലിപ്പമേറിയ ക്രെയിനുപയോഗിക്കുന്നതിനായി ക്രെയിനിന്റെ യന്ത്ര ഭാഗങ്ങൾ കഴിഞ്ഞ ദിവസം മുതൽ തുറമുഖത്ത് എത്തിച്ചു തുടങ്ങി. ഇത് പ്രവർത്തന സജ്ജമാകുന്നതോടെ സമയബന്ധിതമായി പൊഴിമുഖത്തെ പാറകൾ നീക്കം ചെയ്യാനാകും. കാലാവസ്ഥ അനുകൂലമായാലുടൻ ഡ്രജർ എത്തിച്ച് ചാനലിലെ മണൽ നീക്കി തുടങ്ങും. തുറമുഖത്ത് 24 മണിക്കൂറും ഫിഷറീസ് വകുപ്പ് റെസ്ക്യൂ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.