ആറ്റിങ്ങൽ : ചിറയിൻകീഴ് താലൂക്കിൽ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികളോട് ബസ് ജീവനക്കാർ കാണിക്കുന്ന യാത്രാ വിവേചനം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് കൺസഷൻ നിരന്തരം നിഷേധിക്കപ്പെടുന്നു.
ബസിൽ കയറ്റാറ്റാതിരിക്കുക, സ്റ്റോപ്പ്‌കളിൽ നിർത്താതിരിക്കുക, ബസ്സുകളിൽ കയറുന്ന പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളെ അധിക്ഷേപിക്കുക തുടങ്ങിയ അനുഭവങ്ങൾ വിദ്യാർത്ഥികൾ നിരന്തരം നേരിടേണ്ടി വരുന്നു.
ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന മേഖലയാണ് ചിറയിൻകീഴ് താലൂക്ക് കേന്ദ്രമായ ആറ്റിങ്ങൽ. സർക്കാർ മേഖലയിലും സമാന്തര വിദ്യാഭ്യാസരംഗത്തുമായി കാൽ ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ പഠിക്കാൻ എത്തുന്നത്.
ബഹു ഭൂരിപക്ഷം പേരും സ്വകാര്യ ബസുകളെയാണ് യാത്രക്ക് ആശ്രയിക്കുന്നത്.
പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് കയറാൻ എത്തുന്ന വിദ്യാർത്ഥികളെ മുതിർന്ന യാത്രക്കാർ കയറുന്നത് വരെ മാറ്റി നിർത്തും. കൺസഷൻ നിരക്കിൽ വിദ്യാർത്ഥികളെ യാത്ര ചെയ്യാൻ അനുവദിക്കുന്ന ചുരുക്കം ചില ബസുകൾ മാത്രമേ ഉള്ളൂ. നിർധനരായ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ആറ്റിങ്ങൽ മേഖലയിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികൾ ഏറെയും. കണ്ടക്ടർമാർക്ക് തോന്നിയ പടിയാണ് ഇവരിൽ നിന്നും ബസ് ചാർജ് ഈടാക്കുന്നത്. വിദ്യാർത്ഥികൾക്കുള്ള മിനിമം നിരക്ക് ഒരു രൂപയാണ്. 10 രൂപ വരെയുള്ള ഫുൾ ചാർജിന് രണ്ട് രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കേണ്ടത്. മിക്ക ബസ്സുകളും അത് 5 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്. അതിൽ കൂടുതൽ ദൂരത്തിന് 10 രൂപ വരെ വിദ്യാർഥികളിൽ നിന്നും ഈടാക്കുന്നു.
വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്കിൽ ആറ്റിങ്ങൽ വന്നു പഠിച്ചു പോകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ആർടിഒയ്ക്ക് പരാതി നൽകി. കേരള സർവകലാശാല യൂണിയൻ ചെയർമാൻ വിജയ് വിമൽ, എസ്എഫ്ഐ ഏരിയ പ്രസിഡന്റ് അർജുൻ കല്ലിങ്കൽ, അമൽരാജ്,അശ്വിൻ എന്നിവർ നേതൃത്വം നൽകി.