ഓൺലൈൻ വ്യാപാരികൾക്ക് സെസ്സ് ഏർപ്പെടുത്തണം : രാജു അപ്സര

1692005096789

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം 

ആറ്റിങ്ങൽ : ഓൺലൈൻ വ്യാപാരികൾക്ക് സെസ്സ് ഏർപ്പെടുത്തണമെന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറ്റിങ്ങൽ യൂണിറ്റ് വാർഷിക പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നിലനിൽപ്പിന് പ്രധാന പങ്ക് വഹിക്കുന്ന ചെറുകിട വ്യാപാരികൾ ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഓൺലൈൻ വ്യാപാരികളുടെ കടന്നുകയറ്റം ചെറുകിട വ്യാപാരികൾക്ക് വെല്ലുവിളിയായി മാറുകയാണ്. ഓൺലൈൻ വ്യാപാരികൾക്ക് സെസ്സ് ഏർപ്പെടുത്തണം. ആ സെസ്സ് ചെറുകിട വ്യാപാരികളുടെ ക്ഷേമത്തിനായി ഉപയോഗിക്കണം. സെസ്സ് കൂടി ഏർപ്പെടുത്തിയാൽ ഓൺലൈനിൽ വില കുറച്ചു വിൽക്കാൻ കഴിയില്ല, അങ്ങനെ മാത്രമേ ചെറുകിട വ്യാപാരികൾക്ക് വ്യാപാരം ചെയ്യാൻ സാധിക്കു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ആദ്യകാലത്ത് വ്യാപാരികൾക്ക് ഉണ്ടായ ജിഎസ്ടിയിലെ പിഴവുകൾക്ക് പൊതുമാപ്പ് നൽകി വ്യാപാരികളെ സംരക്ഷിക്കണമെന്നും റോഡ് വികസങ്ങളുടെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചു നീക്കുമ്പോൾ ഭൂ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് പോലെ വാടകയ്ക്ക് കച്ചവടം നടത്തുന്ന വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകണമെന്നും പ്രധാന മന്ത്രിയോട് ആവശ്യം അറിയിച്ചിട്ടുള്ളതായി രാജു അപ്സര വേദിയിൽ അറിയിച്ചു. കൂടാതെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ വേട്ടയാടുന്ന അധികാരികളുടെ നിലപാട് മാറ്റണമെന്നും പ്ലാസ്റ്റിക് ഉത്പാദനത്തിനാണ് തടയിടേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ ഇന്നു പ്ലാസയിൽ നടന്ന പൊതുയോഗത്തിൽ ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ്‌ പൂജ ഇക്ബാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റും കൂടിയായ പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് ഓണക്കിറ്റ് വിതരണവും ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക കുടുംബ സുരക്ഷ പദ്ധതിയുടെ ഐഡി കാർഡ് വിതരണവും നിർവഹിച്ചു. വേദിയിൽ മുതിർന്ന വ്യാപാരികളെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വ്യാപാരികളുടെ മക്കളെയും ആദരിച്ചു. വേദിയിൽ സംസ്ഥാന പ്രസിഡന്റ്‌ രാജു അപ്സരയെ കിരീടം ചാർത്തി ആദരിച്ചു. കൂടാതെ യൂണിറ്റ് പ്രസിഡന്റ്‌ പൂജ ഇക്ബാലിനെ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ്‌ രാജു അപ്സര പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ്‌ പെരിങ്ങമ്മല രാമചന്ദ്രനെയും ആറ്റിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വേദിയിൽ ആദരിച്ചു. വിവിധ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡന്റിന് ആദരവ് നൽകുകയും ചെയ്തു.

ചിറയിൻകീഴ് മേഖല പ്രസിഡന്റ്‌ ജോഷി ബാസു സ്വാഗതം ആശംസിച്ച പരിപാടിയിൽ ആറ്റിങ്ങൽ യൂണിറ്റ് ജനറൽ സെക്രട്ടറി കണ്ണൻ ചന്ദ്ര പ്രെസ്സ് റിപ്പോർട്ടും യൂണിറ്റ് ട്രഷറർ അനിൽകുമാർ ബി വാർഷിക കണക്കും അവതരിപ്പിച്ചു.ജില്ലാ – വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!