ചിറയിൻകീഴ് മണ്ഡലത്തിലെ മൂന്ന് സർക്കാർ സ്‌കൂളുകൾക്ക് പുതിയ സ്‌കൂൾ ബസുകൾ ലഭിച്ചു. പാലവിള സർക്കാർ യു.പി സ്‌കൂൾ, തോന്നയ്ക്കൽ സർക്കാർ എൽ.പി സ്‌കൂൾ, മുടപുരം സർക്കാർ യു.പി സ്‌കൂൾ എന്നിവിടങ്ങളിൽ നാല് സ്‌കൂൾ ബസുകൾ വി.ശശി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു.
പാലവിള യു.പി സ്‌കൂളിലെ സ്ഥല പരിമിതിക്കുള്ള പരിഹാരമായി പുതിയ സ്ഥലം വാങ്ങാനുള്ള നടപടികൾ ഓണം കഴിഞ്ഞാലുടൻ നടപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു. പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സ്‌കൂളുകളുടെ വികസനത്തിനായി അധ്യാപകരും, രക്ഷിതാക്കളും പി.ടി.എയും സർക്കാരിനൊപ്പം നിൽക്കണമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
രണ്ടര കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാലവിള യു. പി സ്‌കൂളിൽ നടക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നും 47 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലവിള യു.പി സ്‌കൂളിൽ രണ്ട് ബസുകൾ വാങ്ങിയത്. തോന്നയ്ക്കൽ സർക്കാർ എൽ.പി സ്‌കൂളിലും, മുടപുരം സർക്കാർ യു.പി സ്‌കൂളിലും ഒരു സ്‌കൂൾ ബസ് വീതമാണ് നൽകിയത്.
ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ്, ചിറയൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മോഹനൻ, അധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ ഭാരവാഹികൾ എന്നിവർ വിവിധ സ്‌കൂളുകളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.