മലയോര കാർഷികഗ്രാമമായ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട,് പറണ്ടോട് കാർഷിക വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പറണ്ടോട് സ്വാശ്രയ കാർഷിക ഉത്പാദക ഉത്പന്ന സംഭരണ സംസ്‌കരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. സർക്കാരിന്റെ ഗ്രാമവികസനപദ്ധതിയുടെ ഭാഗമായി ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വർഷത്തെ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് വിപണകേന്ദ്രം നിർമിച്ചത്. പ്രദേശവാസികളായ കർഷകരുടെ ദീർഘനാളത്തെ ആവശ്യമാണ് വിപണനകേന്ദ്രം പ്രവർത്തനസജ്ജമായതോടെ പരിഹരിക്കപ്പെട്ടതെന്ന് ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.
കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, മെച്ചപ്പെട്ട വിപണ സാധ്യതകൾ സജ്ജമാക്കുക, കാർഷികവൃത്തിക്ക് സഹായകരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക. വിത്ത്, വളം, വിവിധ സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും അർഹതപ്പെട്ട കർഷകർക്ക് സാമ്പത്തിക സാഹായം ലഭ്യമാക്കാൻ സഹായിക്കുക, മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് വിഷരഹിത കാർഷിക ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്നിവയാണ് കാർഷിക വിപണനകേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ. പരിപാടിയോടനുബന്ധിച്ച് കാർഷികമേഖലയും നവകാർഷിക സമീപനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു. കില കോ-ഓർഡിനേറ്റർ കെ.സുരേഷ് കുമാർ വിഷയാവതരണം നടത്തി.
പറണ്ടോട് സൊസൈറ്റി ഹാളിൽ നടന്ന പരിപാടിയിൽ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എൽ കിഷോർ, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.