ആറ്റിങ്ങൽ : ദേശീയ പാതയിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം അപകടങ്ങൾ പതിവാകുന്നു. റോഡിനു മധ്യത്തിൽ സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിൽ കാറുകൾ ഇടിച്ചുകയറിയാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇന്ന് വൈകുന്നേരം ഏഴര മണിയോടെ കൊല്ലം ഭാഗത്തേക്ക് പോയ വാഗൻആർ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറി. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ബസ് സ്റ്റാൻഡിനു മുൻപിൽ കുറച്ചു ഭാഗത്ത് ഡിവൈഡർ ഇല്ല, അത് കഴിഞ്ഞ് യാതൊരു മുന്നറിയിപ്പോ റീഫ്ലക്ടറോ ഇല്ലാത്തത് കൊണ്ടു തന്നെ വാഹനങ്ങൾ അടുത്ത് എത്തുമ്പോൾ മാത്രമാണ് ഡിവൈഡർ കാണുന്നത്. ഇവിടെ മറ്റൊരു വലിയ ദുരന്തത്തിനും സാധ്യത ഉണ്ട്, പലപ്പോഴും കാൽ നട യാത്രക്കാർ ഡിവൈഡറിൽ കയറി നിന്ന ശേഷം വാഹനങ്ങൾ നോക്കിയാണ് റോഡ് മുറിച്ചു കടക്കാറുള്ളത്. അങ്ങനെ ആളുകൾ നിൽകുമ്പോൾ ഇതുപോലെ വാഹനങ്ങൾ ഇടിച്ചു കയറിയാൽ വൻ ദുരന്തം സംഭവിക്കും.
ഇന്ന് വൈകുന്നേരം നടന്ന അപകടത്തിൽ ആളപായം ഇല്ല. ക്രയിൻ ഉപയോഗിച്ച് വാഹനം ഡിവൈഡറിൽ നിന്ന് മാറ്റി. ഈ ആഴ്ചയിൽ നടന്ന മൂന്നാമത്തെ അപകടമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. ഇതുപോലെ ഡിവൈഡറിൽ കാറുകൾ ഇടിച്ചുകയറിയാണ് അപകടം നടക്കുന്നത്. രാത്രിയിലാണ് കൂടുതലും അപകടങ്ങൾ സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ ഡിവൈഡറിൽ ഇടിച്ചു കയറി. അതിനു തൊട്ടു മുൻപുള്ള ദിവസവും സമാനമായ രീതിയിൽ അപകടം നടന്നു. ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഇടപെട്ടാണ് വാഹനങ്ങൾ തള്ളി മാറ്റുന്നത്.
വലിയ അപകടങ്ങൾ സംഭവിക്കുന്നത് വരെ അധികൃതർ മൗനം പാലിക്കും. ദേശീയപാത നവീകരണത്തിന്റെ പേരിൽ അവകാശവാദങ്ങളും പൊതു വേദികളിൽ കയ്യടികളുടെ ശബ്ദങ്ങൾക്കുമപ്പുറം ഉച്ചത്തിൽ തങ്ങളാണ് ഈ വികസനം നടപ്പാക്കിയതെന്ന് പറയുന്ന ജനപ്രതിനിധികൾ ആരും തന്നെ ഈ റോഡിന്റെ പല ഭാഗത്തുമുള്ള അപകടസാധ്യതകൾക്ക് പരിഹാരം കാണാൻ മത്സരം കാണിക്കുന്നില്ല എന്നാണ് പൊതുജനം പറയുന്നത്.
കാൽ നട യാത്രക്കാർ ഡിവൈഡറിൽ കയറി നിന്ന് റോഡ് മുറിച്ചു കടക്കുന്നത് വലിയ അപകടങ്ങൾ വരുത്തി വെയ്ക്കും. അതുപോലെ ദേശീയ പാതയിൽ പല ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഡിവൈഡറുകൾക്ക് സമീപം മുന്നറിയപ്പോ സിഗ്നലോ സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു