വർക്കല : റോഡിന് ഇരുവശത്തും ഡിവൈഡറുകളിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ട് വർക്കലയിൽ പോലീസുകാരന് അഭിവാദ്യങ്ങൾ അറിയിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോർഡ് നടുറോഡിൽ. കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് ഡിപ്പാർട്ട്മെന്റിന്റെ ഉയർന്ന ബഹുമതിയായ ബാഡ്ജ് ഓഫ് ഓണർ ലഭിച്ച ആർ. ബിജുകുമാറിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് വർക്കല പുത്തൻചന്തയിലെ ഡിവൈഡറിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡ് ആണ് ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയം.
വർക്കലയിലെ പ്രധാന ഗതാഗത കുരുക്ക് കേന്ദ്രമായ പുത്തൻചന്ത ജംഗ്ഷനിലാണ് ഈ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ പോലും ഇപ്പോൾ ഫ്ലക്സ് വെക്കാൻ മടിക്കുന്ന ഈ അവസരത്തിലാണ് പോലീസിന്റെ ഫ്ലക്സ് നാട്ടിൽ തരംഗം ആകുന്നത്. എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളോ കാൽനടയാത്രക്കാരെയോ കാണാൻ കഴിയാത്ത രീതിയിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
സ്കൂൾ-കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ പ്രായമായവരും ഈ പ്രദേശത്ത് റോഡ് മുറിച്ചുകടക്കാൻ നിൽക്കുന്നുണ്ട്. എതിരെ വരുന്ന വാഹനങ്ങൾ കാണാതെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ വലിയ അപകടങ്ങൾ ഉണ്ടായേക്കാം. ഇവിടെ ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ ഇതു വഴി പോകുന്ന പോലീസ് പോലും ഈ ഫ്ലക്സ് ബോർഡ് കണ്ടിട്ട് നിയമ നടപടികൾ സ്വീകരിക്കുന്നില്ല എന്നും ജനങ്ങൾ ആക്ഷേപിക്കുന്നു.