ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ ലഹരിക്കച്ചവട സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ രണ്ട് പ്രധാന പ്രതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ. പ്രധാന പ്രതികളായ ഊരുപൊയ്ക വലിയവിള വീട്ടിൽ തുമ്പിടി എന്നു വിളിക്കുന്ന പ്രണവ് (29), ജിത്തു എന്നു വിളിക്കുന്ന ശ്രീജിത്ത് (28) എന്നിവരാണ് അറസ്റ്റിലായത്. ഇവർ രണ്ട് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും തമിഴ് നാട്ടിലും മാറി മാറി ഒളിവിൽ കഴിഞ്ഞ രണ്ട് പ്രതികളും ബാംഗ്ലൂരിലേക്ക് രക്ഷപ്പെടാൻ വാളക്കാട് എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിസാഹസികമായാണ് ആറ്റിങ്ങൽ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് വാളക്കാട് നിന്ന് പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) ലഹരി മാഫിയായുടെ അടിയേറ്റ് മരിച്ചത്. പ്രതികളുടെയും സഹായികളുടെയുമെല്ലാം മൊബൈല്‍ഫോണ്‍ വിളികളും ഇടപാടുകളുമെല്ലാം പൊലീസ് നിരീക്ഷിച്ച് വരികയാണ്.ബുധനാഴ്ച വൈകിട്ട് ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നതായി പ്രധാന പ്രതികൾ പൊലീസിന് മൊഴി നൽകി.
അതേ സമയം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ചുപേരെ വർക്കല കോടതി റിമാന്റ് ചെയ്തു. വാളക്കാട് സംഗീതാഭവനില്‍ രാഹുല്‍ (26), ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരെയാണ് റിമാന്റ് ചെയ്തത്.ശ്രീജിത്തിന്റെ കൊലപാതകത്തിന് മുമ്പും, ശേഷവും പ്രതികളെ സഹായിച്ചവരാണ് അഞ്ചുപേരും എന്ന് പോലീസ് പറഞ്ഞു.
സാമ്പത്തിക ഇടപാടും ലഹരി കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളും ആക്രമണ സംഘത്തിൽപെട്ട പ്രതികളിൽ ഒരാൾക്ക് വേണ്ടപ്പെട്ട സ്ത്രീയുമായി അടുത്ത ബന്ധം പുലർത്തിയതിലും പ്രതികൾക്ക് കൊല്ലപ്പെട്ട ശ്രീജിത്തിനോട് വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്.
റൂറൽ എസ് പി ശില്പയുടെ നിർദ്ദേശപ്രകാരം എ എസ്പി എംകെ സുൽഫിക്കർ, ആറ്റിങ്ങൽ ഡി.വൈ എസ്. പി ടി.ജയകുമാർ , നർക്കോട്ടിക് സെൽ ഡി.വൈ.എസ്. പി വി. റ്റി രാസിത് എന്നിവരുടെ മേൽനോട്ടത്തിൽ ആറ്റിങ്ങൽ സി.ഐയുടെ ചുമതലയുള്ള കഠിനംകുളം സി.ഐ ചന്ദ്രദാസ്, ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ അഭിലാഷ്, ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സ്ക്വാഡ് അംഗങ്ങളായ സബ് ഇൻസ്പെക്ടർ പ്രദീപ് , എസ്. സി. പി. ഒ മനോജ് , പ്രദീപ്, ഡാൻസഫ് ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബി .ദിലീപ് , സിപിഒ മാരായ വിനീഷ് , ഗോപകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.ഇനിയും പ്രതികൾ ഉണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.