ആറ്റിങ്ങൽ: നഗരസഭ ഓണാഘോഷത്തിന്റെ മൂന്നാം ദിനമായ ഇന്ന് പായസ മത്സരം സംഘടിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, വിവിധ റസിഡൻസ് അസോസിയേഷനിൽ നിന്നെത്തിയ വനിതകൾ ഉൾപ്പടെ 8 ടീമുകളായിരുന്നു മത്സരത്തിൽ പങ്കെടുത്തത്. നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പൊതു അടുപ്പിൽ തീ കത്തിച്ചു കൊണ്ട് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. രാവിലെ 10 മണിക്ക് ആരംഭിച്ച മത്സരം 12 മണിയോടു കൂടി അവസാനിച്ചു. പാചക രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള വിധികർത്താക്കൾ ഓരോ ടീമിന്റെ പായസവും രുചിച്ചു നോക്കിയ ശേഷം മാർക്ക് ഇടുകയായിരുന്നു.
പച്ചക്കറി പായസം ഉണ്ടാക്കിയ നാഗശ്രീ അയൽക്കൂട്ടം ഒന്നാം സ്ഥാനത്തിന് അർഹരായി. കൃഷ്ണപുരം റസിഡൻസ് അസോസിയേഷന്റെ ചക്കകുരു പായസം രണ്ടാം സ്ഥാനവും, 28-ാം നമ്പർ അംഗനവാടി ടീച്ചർ വത്സലകുമാരിയുടെ കപ്പ പായസം മൂന്നാം സ്ഥാനവും നേടി. വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത മറ്റ് 5 ടീമുകൾക്കും ലയൺസ് ക്ലബ് നൽകിയ പ്രോത്സാഹന സമ്മാനവും ചെയർപേഴ്സൺ കൈമാറി. വൈസ് ചെയർമാൻ ജി.തുളസീധരൻപിളള, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ എസ്.ഷീജ, എസ്.ഗിരിജ, രമ്യാസുധീർ, എ.നജാം, അവനവഞ്ചേരി രാജു, സുൽത്താൻ താഹ, ലയൺസ് ക്ലബ്ബ് ഭാരവാഹികൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.