ആറ്റിങ്ങൽ : ദേശീയ പാതയിലെ കുഴിയിൽ വീഴാതെ യാത്ര ചെയ്യാൻ സൂക്ഷിക്കുക. ആറ്റിങ്ങലിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന ഭാഗത്ത് കച്ചേരി ജംഗ്ഷന് സമീപം സിഗ്നലിനു തൊട്ട് മുൻപ് മെഡിക്കൽ സ്റ്റോറിന് മുന്നിലാണ് റോഡിലായി കുഴി രൂപപ്പെട്ടത്. നാലു ദിവസം മുൻപ് ചെറിയൊരു കുഴി കണ്ടു. ആ കുഴി വലുതായി
ഇപ്പോൾ മുട്ടോളം താഴ്ചയായെന്ന് സമീപത്തുകാർ പറയുന്നു. ഇടതടവില്ലാതെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡാണിത്. ഇരുചക്ര വാഹനങ്ങളും കാൽനടക്കാരുമൊക്കെ കുഴിയിൽ വീഴാതിരിക്കാൻ നാട്ടുകാർ ആരോ കുറച്ച് കല്ലുകൾ എടുത്തു വച്ചിട്ടുണ്ട്. അതാണ് ഇപ്പോൾ ആകെയുള്ള മുന്നറിയിപ്പ്.
ഓണക്കാലം ആയതിനാൽ ആറ്റിങ്ങലിൽ തിരക്ക് കൂടുതലാണ്. വളരെ വേഗതയിൽ ഇരുചക്ര വാഹനങ്ങൾ റോഡ് വശം ചേർന്ന് പോകുമ്പോൾ ഈ കുഴി ശ്രദ്ധിക്കുക. കണ്ടാൽ ചെറിയ കുഴി ആണെങ്കിലും താഴ്ചയുണ്ട്. കാൽ നടയാത്രക്കാർ, പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ഇതുവഴി നടന്നു പോകുമ്പോൾ സൂക്ഷിക്കണം. എന്നാൽ ഈ കുഴിയും കുഴിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും തുടങ്ങി 5 ദിവസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുന്നില്ല എന്നത് അത്ഭുതം തന്നെയാണെന്ന് നാട്ടുകാരും പറയുന്നു. അപകടം സംഭവിച്ച ശേഷം ഇടപെടുന്നതിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നതെന്നോർത്ത് മിണ്ടാതിരിക്കണ്ട, ഓണക്കാലമാണ് അടിയന്തിര പരിഹാരം കാണണമെന്ന് യാത്രക്കാർ ഓർമപ്പെടുത്തുന്നു.