ആറ്റിങ്ങല്‍: ആറ്റിങ്ങലിൽ ആക്രമി സംഘത്തിന്റെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ഊരുപൊയ്ക, ഇടയ്ക്കോട് തെക്കയിൽ ക്ഷേത്രത്തിനു സമീപം പുളിയിൽകാണി വീട്ടിൽ കുര്യൻ എന്ന് വിളിക്കുന്ന വിനീത്(27), രണ്ടാം പ്രതി വാളക്കാട് കോടാലിക്കോണം മാടൻനടയ്ക്ക് സമീപം വിജിത ഭവനിൽ ജിത്തു എന്ന് വിളിക്കുന്ന വിജിത്ത്(23), ആറാം പ്രതി മുദാക്കൽ ചെമ്പൂര്,ആലിയാട് ആറ്റിങ്കര വിശാഖ് ഭവനിൽ വിശാഖ് (26), പതിനാലാം പ്രതി തോന്നയ്ക്കൽ ചെമ്പകമംഗലം എഎസ് ഭവനിൽ തക്കു എന്ന് വിളിക്കുന്ന ആദർശ്(25), പതിനഞ്ചാം പ്രതി മുദാക്കൽ അയിലം മൈവള്ളിയേല മേമൂട്ടിപ്പച്ച വീട്ടിൽ മനോജ്(29) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസും ഷാഡോ സംഘവും ചേർന്ന് പിടികൂടിയത്. ഇതോടെ കേസിൽ 14 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നിബിൻ എന്ന പ്രതിയെ കൂടി ഇനി അറസ്റ്റ് ചെയ്യാൻ ഉണ്ട്. ഇയാൾ അഞ്ചാം പ്രതിയാണ്.
മൂന്നാം പ്രതി ഊരുപൊയ്ക വലിയവിള വീട്ടിൽ തുമ്പിടി എന്നു വിളിക്കുന്ന പ്രണവ് (29), നാലാം പ്രതി ഊരുപൊയ്ക വലിയവിള പുത്തൻ വീട്ടിൽ ജിത്തു എന്നു വിളിക്കുന്ന ശ്രീജിത്ത് (28), ഏഴാം പ്രതി കിഴുവിലം, ചിറ്റാറ്റിൻകര സുജ ഭവനിൽ വിഷ്ണു(21) എന്ന് വിളിക്കുന്ന ആൽബി, എട്ടാം പ്രതി ആറ്റിങ്ങൽ മാമം പാലത്തിനു സമീപം താലോലം വീട്ടിൽ അഭി എന്ന് വിളിക്കുന്ന അഭിഷേക്(18), ഒമ്പതാം പ്രതി വാളക്കാട് സംഗീതാഭവനില്‍ കുട്ടൻ എന്ന് വിളിക്കുന്ന രാഹുല്‍ (26), പത്താം പ്രതി ഊരുപൊയ്ക കാട്ടുവിളപുത്തന്‍വീട്ടില്‍ രാഹുല്‍ദേവ് (26), പതിനൊന്നാം പ്രതി കിഴുവിലം മുടപുരം പ്ലാവിളപുത്തന്‍വീട്ടില്‍ അറഫ്ഖാന്‍ (26), പന്ത്രണ്ടാം പ്രതി വാമനപുരം കാട്ടില്‍വീട്ടില്‍ അനുരാഗ് (24), പതിമൂന്നാം പ്രതി കാരേറ്റ് സ്വദേശി അച്ചു എന്ന് വിളിക്കുന്ന രാഹുല്‍ (26) എന്നിവരെയാണ് നേരത്തെ പിടികൂടിയത്.
ഓഗസ്റ്റ് 16നു രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്ത് (അപ്പു-25) അടിയേറ്റ് മരിച്ചത്. ആറ്റിങ്ങൽ ആനുപാറയിലാണ് സംഭവം നടന്നത്. ബുധനാഴ്ച വൈകിട്ട് ശ്രീജിത്തിനെ വിളിച്ചു വരുത്തിയ ശേഷം മാമം കടവിന് സമീപം കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി സമീപത്തെ റബ്ബർ തോട്ടത്തിൽ കൊണ്ടിടുകയായിരുന്നു. അതിനു ശേഷം രാത്രി 11 മണിയോടെ രണ്ടുപേർ ബൈക്കിൽ ഗുരുതരമായ പരിക്കേറ്റ അവസ്ഥയിൽ ശ്രീജിത്തിനെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിശോധിച്ച ഡോക്ടർ ശ്രീജിത്തിന്റെ മരണപ്പെട്ടതായി അറിയിച്ചു.വിവരം അറിഞ്ഞ ഉടൻ ബൈക്കിൽ വന്ന ഒരാൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് പോലീസ് എത്തി മറ്റേയാളെയും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്ത് പരിക്കേറ്റ് വഴിയിൽ കിടക്കുകയായിരുന്നു എന്നാണ് ഇവർ ആദ്യം എല്ലാരോടും പറഞ്ഞത്. എന്നാൽ മർദ്ദനമേറ്റ പാടും പോലീസിന്റെ കൃത്യമായ അന്വേഷണവും ആണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നതും പ്രതികൾ പിടിയിലാകുന്നതും.
സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. കുര്യന് കൊല്ലപ്പെട്ട ശ്രീജിത്ത് പണം നൽകാത്തതിനാണ് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളും കൊല്ലപ്പെട്ടയാളും ലഹരി ഉപയോഗിക്കുന്നവരാണെന്ന് പോലീസ് ആദ്യമേ കണ്ടെത്തിയിരുന്നു.