ഓണം വാരാഘോഷത്തിന്റെ ഭാഗമായി തിരുവോണദിനത്തിൽ കനകക്കുന്നിലെ വിവിധ വേദികളിലായി നാടൻകലകളുംനൃത്ത നൃത്യങ്ങളും മെഗാഷോയും അരങ്ങേറി.
പ്രധാനവേദിയായ നിശാഗന്ധിയിൽ ദീപിക,ടെസ്സ് ടീമിന്റെ ഭരതനാട്യവും മലബാർ മെഹന്ദിയുടെ സൂഫി, അറബിക് നൃത്തവും അവതരിപ്പിച്ചു. പ്രായഭേദമെന്യേ കാണികളുടെ നീണ്ടനിരയാണ് സദസ്സിൽ അനുഭവപ്പെട്ടത്. നൃത്ത പരിപാടിക്ക് ശേഷം മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോമും കലാഭവൻ പ്രജോദ് ടീഠ അവതരിപ്പിച്ച മെഗാ ഷോ നിശാഗന്ധിയിൽ ചിരിമാല തീർത്തു. കോമഡി ഷോയ്‌ക്കൊപ്പം മലയാളത്തിലെ പ്രിയ ഗായകരായ ഷാൻ,ഷാ, ആവണി, കിഷോർ, ശബ്നം, ഷിഫാസ് തുടങ്ങിയവർ അവതരിപ്പിച്ച പാട്ടുകളും പരിപാടിയെ ഹിറ്റാക്കി.
ചിരിച്ചും ചിന്തിപ്പിച്ചും താരങ്ങളുടെ തമാശയും യുവ ഗായകരുടെ പാട്ടുകളും കോർത്തിണക്കിയ മെഗാഷോ കാണാനായി ആസ്വാദകരുടെ വലിയ തിരക്കാണ് സദസ്സിലും പുറത്തുമായി അനുഭവപ്പെട്ടത്.
പ്രവേശന കവാടത്തിൽ ക്ഷേത്ര വാദ്യകലാസമിതിയുടെ പഞ്ചവാദ്യവും ദേവപുരം കലാസമിതിയുടെ ചെണ്ട മേളവും നടന്നു.
തിരുവരങ്ങ് വേദിയിൽ യാസിർകുരിക്കളിന്റെ കോൽക്കളിയും ആദ്യമായി ഓണം വാരാഘോഷത്തിൽ പങ്കെടുത്ത അനിൽകുമാറും സംഘവും അവതരിപ്പിച്ച സർപ്പ കളമെഴുത്തും പുള്ളുവൻ പാട്ടും കാണികളെ ആകർഷിച്ചു. സാധാരണയായി സർപ്പകാവുകളിലും മറ്റും നടത്താറുള്ള പുള്ളുവൻപാട്ട് കനകക്കുന്നിൽ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. വെള്ളനാട് പി. എസ് നായരും സംഘവും അവതരിപ്പിച്ച വിൽകലാമേളയും വേദിയിൽ അരങ്ങേറി.
സോപാനം വേദിയിൽ പൂപ്പടതുള്ളൽ, പുള്ളുവൻപാട്ട്, ഓതറ പടയണി തുടങ്ങിയ നാടൻകലകളാണ് അരങ്ങേറിയത്.
ആറാം വർഷവും ഓണം വാ രാഘോഷത്തിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയ സന്തോഷത്തിലാണ് വിശ്വദീപം കലാസമിതിയിലെ കുണ്ടറ രാജമ്മ അയ്യപ്പൻ.തനത് കേരളീയ വേഷത്തിൽ കളിയിലൂടെയും പാട്ടിലൂടെയും കഥപറയുന്നതാണ് പൂപ്പടതുള്ളൽ. ഗർഭിണിയായ സ്ത്രീയ്ക്കും കുഞ്ഞിനും വേണ്ടി ചെയ്യുന്ന ദോഷനിവാരണമാണ് ഈ നാടൻകലയുടെ ഐതീഹ്യം. എസ്. ബാലകൃഷ്ണന്റെ പുള്ളുവൻ പാട്ടും ശ്രീഭദ്ര പടയണി കലാക്ഷേത്രയുടെ ഓതറ പടയണിയും സോപാനത്തിൽ അരങ്ങേറി.
കനകക്കുന്നിലെ സൂര്യകാന്തി ഗ്രൗണ്ടിൽ സപ്തസ്വര ഓർക്കസ്ട്രായുടെ ഗാനമേളയും നടന്നു.15 വർഷത്തെ അനുഭവസമ്പത്തുളള സപ്തസ്വര സിനിമപാട്ടുകളും നാടൻപാട്ടുകളുമായി സൂര്യകാന്തിയെ താളമയമാക്കി. ചെറിയ ചാറ്റൽ മഴയിലും വേദിയ്ക്ക് സമീപം കാണികളുടെ വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു.