വർക്കലയിൽ യുവാവിനെ മർദിച്ച് പല്ല് അടിച്ചു കൊഴിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ: മൂന്നുപേർ അറസ്റ്റിൽ

വർക്കല: മീൻ ചോദിച്ചിട്ട് കൊടുക്കാത്തതിന് കടൽത്തീരത്തിട്ട് യുവാവിനെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വർക്കല ചിലക്കൂർ ഫിഷർമാൻ കോളനിയിൽ ഷമീർ(24), ചിലക്കൂർ വട്ടവിള മലപ്പുറം പുത്തൻവീട്ടിൽ സിദ്ദിഖ്(24), ഓടയം കിഴക്കേപ്പറമ്പ് വീട്ടിൽ റിയാസ്(25) എന്നിവരാണ് പിടിയിലായത്. വർക്കല രാമന്തളി നബീസത്ത് മൻസിലിൽ ജഹാംഗീറി(44)നെയാണ് ഇവർ മർദിച്ചത്. ഈ മാസം ഏഴിന് ആലിയിറക്കം കടൽത്തീരത്തായിരുന്നു സംഭവം. കടപ്പുറത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്ന ജഹാംഗീറിനോട്‌ പ്രതികൾ മദ്യത്തിനൊപ്പം ചുട്ടുതിന്നാൻ മത്സ്യം ആവശ്യപ്പെട്ടു.

ഇയാൾ വിസമ്മതിച്ചതോടെ ഇവർ തമ്മിൽ തർക്കമുണ്ടാകുകയും ജഹാംഗീറിനു മർദനമേൽക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ വർക്കല പോലീസിൽ പരാതി നൽകി. തന്റെ പല്ലുകൾ അടിച്ചുകൊഴിച്ചെന്നും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നും കാണിച്ച് ഇയാൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയിരുന്നു. പോലീസ് കേസ് രജിസ്റ്റർചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജഹാംഗീറിനെ പരിശോധിച്ച ഡോക്ടറെക്കണ്ട് പോലീസ് വിവരങ്ങൾ അന്വേഷിക്കുകയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുകയും ചെയ്തു. പോലീസ് അന്വേഷിക്കുന്നില്ലെന്ന് ഇയാൾ സാമൂഹികമാധ്യമങ്ങൾ വഴി നുണപ്രചാരണമാണ് നടത്തിയതെന്ന് ഇതിൽ നിന്നു ബോധ്യമായതായും പോലീസ് പറഞ്ഞു.

വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ, എസ്.ഐ. ജി.എസ്.ശ്യാംജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!