മലയിൻകീഴ്: ഗോവൻ യാത്രയ്ക്ക് ശേഷം ശാരീരിക അസ്വസ്ഥതകളുമായി ചികിത്സയിലിരുന്ന നാലുവയസ്സുകാരൻ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മലയിൻകീഴ് പ്ലാങ്കാട്ടുമുകൾ സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം.
തിരുവോണത്തിന് തലേന്ന് കുടുംബം ഗോവയിൽ പോയിരുന്നു. അവിടെനിന്ന് ഷവർമ കഴിച്ചു. വെള്ളിയാഴ്ച തിരികെയെത്തിയപ്പോൾ കുട്ടിക്ക് അസ്വസ്ഥതയുണ്ടാകുകയും മലയിൻകീഴിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട്, തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ചികിത്സതേടി. തിരികെ വീട്ടിലെത്തിയെങ്കിലും അനിരുദ്ധിന് വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് തിങ്കളാഴ്ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മരണം.
ഇരുചക്ര വാഹനത്തിൽ അച്ഛനമ്മമാരോടൊപ്പം ആശുപത്രിയിലേക്ക് പോകുമ്പോൾ ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടൻ ശാസ്തമംഗലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗോവയിൽ നിന്ന് തിരികെ യാത്ര തുടങ്ങിയ ശേഷമാണ് കുട്ടി ക്ഷീണിതനായതെന്ന് ബന്ധുക്കൾ പറയുന്നു. തിരിച്ചെത്തിയ ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള കടയില്‍നിന്ന് കുടുംബം കുഴിമന്തിയും കഴിച്ചിരുന്നു. ഇതിനിടെ അനിരുദ്ധിന്റെ അച്ഛന്റെ അമ്മയ്ക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മലയിന്‍കീഴ് ഗവ. ആശുപത്രിയില്‍ ചികിത്സതേടി.
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം അനിരുദ്ധിന്റെ മൃതദേഹം തെെക്കാട് ശാന്തികവാടത്തിൽ സംസ്‌കരിച്ചു. സംഭവത്തിൽ ബന്ധുക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.