ചിറയിൻകീഴ് : ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിന്റെ സ്പെഷ്യൽ സ്‌ക്വാഡ് വലികട പാലകുന്ന് പ്രദേശത്ത് നടത്തിയ മിന്നൽ പരിശോധനയിൽ പതിനഞ്ചോളം വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി നൂറു കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഏകോപയോഗ ഉൽപന്നങ്ങളും പിടിച്ചെടുത്തു.
പാലകുന്ന് നാസർ ഹോട്ടലിൽ നിന്ന് ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷണ പദാർത്ഥങ്ങളും ഇറച്ചി വിഭവങ്ങളും പിടിച്ചെടുത്ത് നശിപിച്ചു. വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് ഈ ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടലിൻറെ പിൻഭാഗത്ത് അനധികൃതമായി അറവുശാല പ്രവർത്തിച്ചിരുന്നതായും അതിന്റെ അവശിഷ്ടങ്ങൾ വിണ് പുഴുവരിച്ച് ദുർഗന്ധം വമിക്കുന്ന നിലയിലുമായിരുന്നു. കൂടാതെ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തി.
ഈ ഹോട്ടൽ ലൈസൻസ് ഇല്ലാതെയും ജീവനക്കാർക്ക് മതിയായ ഹെൽത്ത് കാർഡ് ഇല്ലാതെയുമാണ് പ്രവർത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പരിശോധനയ്ക്ക് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിഷ വി.ആർ, സുപ്രണ്ട് പി.രഘു, വി.ഇ.ഒ മാരായ മിഷ, മനാസ് രാജ്, ക്ലാർക്കുമാരായ അരുൺജിത്ത്, സുജിത് കുമാർ, രേഖ ഒ, ചിറയിൻകീഴ് പോലിസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. സ്ഥാപനം അടച്ചു പൂട്ടുന്നതിന് നോട്ടിസ് നൽകിയിട്ടുണ്ട്. പരിശോധനകൾ തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.