ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ.
പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകരപുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിനു രാജിനെ(45) ആണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.
പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്ന് ബിനുരാജ് ആവശ്യപ്പെട്ടു. എന്നാൽ ബിയർ നൽകാൻ തയ്യാറാകാത്തതിലുള്ള വിരോധത്തിൽ അസഭ്യം വിളിച്ചു കൊണ്ട് ബിനുരാജ് ഇടുപ്പിൽ കരുതിയിരുന്ന കഠാരയെടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു.
കഠാര കൊണ്ടുള്ള കുത്ത് വലതു കൈ കൊണ്ട് അജയമോൻ തടയാൻ ശ്രമിക്കവെ ആഴത്തിൽ കൈക്ക് പരിക്കേൽക്കുകയും തുടർന്ന് ശശീരമാസകലം കുത്തി പരുക്കേൽപ്പിക്കുകയുമായിരുന്നു.
ഗുരുതര പരുക്കേറ്റ ബിനുരാജിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി ജയൻ പോലീസ് സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ രാജി കൃഷ്ണ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.