നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ആധുനിക കാലത്തോടു ചേർന്നു പോകുന്നത്:മന്ത്രി വി.ശിവൻകുട്ടി
യുനെസ്കോയുടെ ആധുനിക വിദ്യാഭ്യാസ റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടാൻ കേരളത്തിനായത്,നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ആധുനിക കാലഘട്ടത്തോടു ചേർന്നു പോകുന്നതു കൊണ്ടാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.അതുപോലെ കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയതും ഇത്തരത്തിൽ കാലഘട്ടത്തിനനുസരിച്ചുള്ള പരിഷ്ക്കരണങ്ങൾ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കൊണ്ടു വന്നതിനാലാണന്നും മന്ത്രി.കല്ലറ ഗവ:വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം,എം എൽ എ എജ്യൂകെയർ പ്രോഗ്രാം,പ്രതിഭാ സംഗമം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.ഓരോ വിദ്യാർഥിയുടേയും സമഗ്രമായ വളർച്ച ഉറപ്പാക്കാനും അതു മോണിറ്റർ ചെയ്യാനും എം എൽ എ എജ്യൂകെയർ പദ്ധതിയിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വി എച്ച് എസ് ഇ വിഭാഗത്തിലെ ഒരു കോടി രൂപ പ്ലാൻ ഫണ്ട് ചെലവഴിച്ച് നിർമിച്ച പുതിയ ബഹുനില മന്ദിരത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള രണ്ടു വലിയ ക്ലാസ് മുറികൾ,വലിയ ഹാൾ,സ്‌റ്റേജ്,ആധുനിക സംവിധാനങ്ങളോടു കൂടിയ എട്ടു ശുചി മുറികൾ എന്നിവയുൾപ്പെടുന്നു.പരിപാടിയുടെ ഭാഗമായി, സ്കൂളിലെ പൂർവ വിദ്യാർഥിയും പി എസ് സി മെമ്പറുമായ വിജയകുമാരൻ നായർ സ്കൂൾ ലൈബ്രറി പുനരുദ്ധാരണത്തിനായി നൽകിയ 50,000 രൂപയുടെ ചെക്കും കൈമാറി.ഡി.കെ.മുരളി എം എൽ എ യു നേതൃത്വത്തിലുള്ള എം എൽ എ എജ്യൂകെയർ പ്രോഗ്രാം ഈ മേഖലയിലെ ഒരു പുതിയ ചുവടുവയ്പ്പു കൂടിയാണ്.
സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഡി.കെ.മുരളി എം എൽ എ അധ്യക്ഷനായി. എ.എ.റഹിം എം പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ,സ്കൂൾ പ്രിൻസിപ്പാൾ മാലി ഗോപിനാഥ്,ഹെഡ്മാസ്റ്റർ കെ.ഷാജഹാൻ,നാട്ടുകാർ,വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.