വെഞ്ഞാറമൂട് : സർക്കാർ ജീവനക്കാർക്ക് അർഹമായ ലഭിക്കേണ്ടുന്ന അവകാശങ്ങൾ പല വിധ കാരണങ്ങൾ പറഞ്ഞു അനിശ്ചിതമായി നിഷേധിക്കരുതെന്ന് ജോയിന്റ് കൗൺസിൽ വാമനപുരം മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ജീവനക്കാർക്ക് നല്ല ധാരണയുണ്ട്. നികുതി വരുമാനം വർദ്ധിപ്പിച്ചതും, ധന ദൃഢീകരണം സാദ്ധ്യമായതും കണക്കിലെടുത്ത് ജീവനക്കാരുടെ ന്യായമായ അവകാശങ്ങളിൽ അനുഭാവപൂർവ്വമായ നിലപാട് സ്വീകരിക്കണമെന്ന് വെഞ്ഞാറമൂട് സി. കെ. ചന്ദ്രപ്പൻ സ്മാരക ഹാളിൽ ചേർന്ന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം വി. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കുക, അഴിമതിക്കെതിരെ ജനങ്ങളും, ജീവനക്കാരും ഒന്നിക്കുക, സിവിൽ സർവ്വീസിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡിസംബർ ഏഴു വരെ കാൽനടയായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന “സിവിൽ സർവ്വീസ് സംരക്ഷണ യാത്ര” വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
വാമനപുരം മേഖലാ പ്രസിഡന്റ് അഖിൽ കൃഷ്ണ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സുരകുമാർ മുഖ്യപ്രഭാഷണം നടത്തി.
നോർത്ത് ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടല, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.എസ്. സജീവ്, നോർത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ അനുമോദ് കൃഷ്ണൻ, മുഹമ്മദ് ഷാഫി, മേഖലാ വനിതാ കമ്മിറ്റി പ്രസിഡന്റ് ഷിനിമോൾ സെക്രട്ടറി സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. മേഖലാ സെക്രട്ടറി ബിനുകുമാർ. എം.എസ് സ്വാഗതവും ട്രഷറർ ശ്രീജിത്ത് നന്ദിയും പറഞ്ഞു.