Search
Close this search box.

2025 ഓടെ 2000 റേഷന്‍ കടകള്‍ കെ-സ്റ്റോറുകളാക്കും: മന്ത്രി ജി.ആര്‍.അനില്‍

IMG-20231006-WA0104

2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന 250-ാം നമ്പര്‍ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കി കേരളത്തിലെ പൊതുവിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് കെ സ്റ്റോറുകള്‍. നവ കേരളത്തിന്റെ നവീന റേഷന്‍ഷോപ്പുകളാണ് കെ സ്റ്റോറുകള്‍. പഴയ റേഷന്‍കടകളുടെ ഭൗതിക സാഹചര്യങ്ങളുയര്‍ത്തി മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കി റേഷന്‍ കടകളെ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റിയത് ഈ സര്‍ക്കാര്‍ ചെയ്ത പ്രധാന കാര്യങ്ങളിലൊന്നാണ്.

ശബരി ഉല്‍പ്പന്നങ്ങള്‍, മില്‍മ ഉല്‍പ്പന്നങ്ങള്‍, യൂട്ടിലിറ്റി പെയ്‌മെന്റ്‌സ്, ഛോട്ടുഗ്യാസ്, 10,000 രൂപ വരെയുള്ള ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ സ്റ്റോറുകളിലൂടെ ലഭ്യമാകും. കൂടാതെ വ്യവസായ വകുപ്പിന്റെ 96 എം.എസ്.എം.ഇ ഉത്പ്പന്നങ്ങള്‍, കൃഷി വകുപ്പിന്റെ വിവിധ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ എന്നിവയും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ പൊതുവിതരണ രംഗത്ത് കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കുന്നില്ല. കൂടുതല്‍ അരിവിഹിതം കേരളം ആവശ്യപ്പെട്ടിട്ടും കേന്ദ്രം നല്‍കുന്നില്ല. ചില മാസങ്ങളില്‍ റേഷന്‍കടകളില്‍ ബാക്കിയുള്ള അരി അധികമായി തുടര്‍മാസങ്ങളില്‍ വിതരണം ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടും കേന്ദ്രം നല്‍കുന്നില്ല. മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് നല്‍കിവന്നിരുന്ന ഗോതമ്പ് വിഹിതവും ഒരു വര്‍ഷമായി കേന്ദ്രം നല്‍കുന്നില്ല. പ്രളയസമയത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യധാന്യങ്ങള്‍ക്കുപോലും സംസ്ഥാനസര്‍ക്കാരില്‍ നിന്ന് പൈസ ഈടാക്കി. കാലങ്ങളായി ഭക്ഷ്യമേഖലയില്‍ പരിഹരിക്കാതെ കിടന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിഹാരം കണ്ടു. ഇ-പോസ് മെഷീനും ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി വേഗത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി സ്റ്റീഫന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചടന്ന ചടങ്ങില്‍ വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ. ജി ആനന്ദ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!