സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്മിഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ- വഖഫ് -ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവർത്തനമേഖലകൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചു ചേർത്തതെന്ന് ചെയർമാൻ അറിയിച്ചു. ന്യൂനപക്ഷങ്ങളെ ബാധിക്കുന്നതും കമ്മിഷന്റെ ശ്രദ്ധയിൽപ്പെടാത്തതുമായ വിഷയങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഈ യോഗം വേദിയാകണം. ന്യൂനപക്ഷ കമ്മിഷൻ എന്താണെന്ന് ന്യൂനപക്ഷ ജനവിഭാഗങ്ങളെ അറിയിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങൾക്ക് നിങ്ങളുടെ ഭാഗത്തുനിന്നും സഹകരണമുണ്ടാകണം. കമ്മിഷൻ ഇപ്പോൾത്തന്നെ ജില്ലാതലത്തിൽ സിററിങ്ങുകൾ നടത്തി പരാതികൾ പരിഹരിച്ച് വരുന്നുണ്ട്. ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ മാസത്തിൽ മലപ്പുറം ജില്ലയിലും തുടർന്ന് വരുന്ന മാസങ്ങളിൽ മറ്റ് ജില്ലകളിലും ബോധവൽക്കരണ സെമിനാറുകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇത്തവണത്തെ ന്യൂനപക്ഷ ദിനാചരണം കണ്ണൂർ ജില്ലയിൽ വെച്ച് നടത്താനാണ് കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്. ഈ പരിപാടികളിലെല്ലാം ന്യൂന പക്ഷ ജനവിഭാഗങ്ങളുടെ പങ്കാളിത്തമുണ്ടാകുന്നതിന് വേണ്ടത് ചെയ്യണമെന്ന് അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സംഘടനാപ്രതിനിധികൾ ഉയർത്തിയ വിഷയങ്ങൾ:
• ന്യൂനപക്ഷങ്ങൾക്കിടയിലെ അരക്ഷിതാവസ്ഥ പരിഹരിച്ച് അവരിൽ ആത്മവി ശ്വാസം വളർത്തിയെടുക്കാൻ കമ്മിഷനും സർക്കാരിനും കഴിയണം.
• ജെ ബി. കോശി കമ്മിഷൻ റിപ്പോർട്ട് സമയബന്ധിതമായി നടപ്പിലാക്കണം.
•ന്യൂനപക്ഷങ്ങൾക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ നിർത്തലാക്കിയിരിക്കുന്നു; പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം.
• സംവരണ വിഭാഗങ്ങളുടെ ദീർഘകാല ആവശ്യമായ ജാതി സെൻസസ് നടത്തിക്കാൻ സർക്കാരിൽ ഇടപെടൽ നടത്തണം.
•മലബാർ മേഖലയിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന അപര്യാപ്തതകൾ പരിഹരിക്കണം. കൂടുതൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കണം.
• ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ച ഡാറ്റാ ബാങ്ക് ഉണ്ടാക്കണം.
• സ്വാശ്രയ സ്ഥാപനങ്ങളിലെ അഡ്മിഷനിലും നിയമനത്തിലും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം ഉറപ്പ് വരുത്തുക.
•ഡിസംബർ 18 (ന്യൂനപക്ഷ ദിനം) എല്ലാ ജില്ലകളിലും ആചരിക്കണം.
• ജില്ലകളിലെ മൈനോറിറ്റി സെല്ലുകളുടെ പ്രവർത്തനം വിപുലീകരിക്കണം.
•സാമൂഹ്യ മാധ്യമങ്ങൾ വഴി മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.
• സംവരണാനുകൂല്യങ്ങൾക്കുള്ള പരിധി ഉയർത്തണം.
•ലഹരിയ്ക്കെതിരെ വിപുലമായ ബോധവൽക്കരണം നടത്തുക.
• സിഖ്-ജൈന ബുദ്ധ പാഴ്സി വിഭാഗങ്ങളിൽ പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ പരിഷ്ക്കരിക്കുക.
•കമ്മിഷൻ പരിപാടികളെക്കുറിച്ച് ജില്ലാതലത്തിൽ വ്യാപകമായ പ്രചാരണം നടത്തുക
•എൻ. ജി. ഒകളുമായി ചേർന്ന് പ്രവർത്തനം വ്യാപിപ്പിക്കുകയും സബ്സെന്ററുകൾ സ്ഥാപിക്കുകയും ചെയ്യുക.
• കോച്ചിങ്ങ് സെന്ററുകൾ വിപുലീകരിക്കുകയും സ്കോളർഷിപ്പുകളെക്കുറിച്ച്ബോധവൽക്കരണം നടത്തുകയും ചെയ്യുക.
• പലിശ രഹിത വായ്പകൾ അനുവദിക്കുക.
• വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബിക് അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതിന് മിനിമം 26 കുട്ടികൾ വേണമെന്ന നിർദ്ദേശം ഒഴിവാക്കുക.
• പി.എസ്.സി പരീക്ഷകളും ഇന്റർവ്യൂകളും വെള്ളിയാഴ്ചകളിൽ നിന്ന് ഒഴിവാക്കുക
• അലിഗഡ് ഓഫ് കാമ്പസിന്റെ പ്രവർത്തനം ഉടനെ ആരംഭിക്കണം.
• സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. ഇത് പരിഹരിക്കാൻ വില്ലേജുകളിൽ മൈനോറിറ്റി ഡെസ്ക് സ്ഥാപിക്കുക
•പിന്നോക്ക വിഭാഗ ധനകാര്യ കോർപ്പറേഷനിൽ നിന്നും വായ്പകൾ ലഭ്യമാകാൻ കാലതാമസം നേരിടുന്നു, പരിഹാരമുണ്ടാകണം.
യോഗത്തിൽ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ന്യൂനപക്ഷ ക്ഷേമ വയറക്ടർ അദീല അബ്ദുള്ള, കമ്മീഷൻ മെമ്പർ സെക്രട്ടറി കുമാരി ബീന വി. റ്റി തുടങ്ങിയവർ പങ്കെടുത്തു.