‘attingalvartha.com special report ‘
ചാവർകോട് : അറബി വായിക്കാൻ അറിയാതെ സ്പോൺസറുടെ വാക്ക് വിശ്വസിച്ചു സ്പോൺസർ എഴുതിക്കൊണ്ടു വന്ന പേപ്പറിൽ ഒപ്പിട്ടു നൽകിയ വർക്കല ചാവർകോട് സ്വദേശിനി സിസിലി മുരളിക്ക് നഷ്ടമായത് ജീവിതവും ജീവിത സമ്പാദ്യവും.
27 വർഷങ്ങൾക്ക് മുൻപാണ് സിസിലി ഒമാനിൽ എത്തിയത്. ഇന്റർവ്യൂയിലൂടെ ഒരു ക്ലിനിക്കിൽ നേഴ്സായി ജോലി കിട്ടി. വർഷങ്ങൾക്ക് ശേഷം ക്ലിനിക്ക് വിൽക്കാൻ ഒരുങ്ങുന്നെന്ന് അറിഞ്ഞ സിസിലി നാട്ടിൽ നിന്നും ഒമാനിലെ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ക്ലിനിക്ക് ഏറ്റെടുത്തു. തുടർന്ന് മകനെയും മരുമകനെയും കൂട്ടി ഹോട്ടൽ ബിസിനസും ആരംഭിച്ചു. അങ്ങനെയിരിക്കെയാണ് സ്പോൺസർക്ക് നെഞ്ചുവേദന വന്ന് ആശുപത്രിയിൽ ആകുന്നത്. തുടർന്ന് സിസിലിക്ക് പുതിയ സ്പോൺസറായി. എന്നാൽ പുതിയ സ്പോൺസർ ലേബർ കാർഡോ ഒന്നും നൽകിയതുമില്ല. ഒരു ദിവസം ലോൺ എടുക്കാൻ വേണ്ടിയാണെന്ന് പറഞ്ഞു പുതിയ സ്പോൺസർ എത്തി ഒരു പേപ്പറിൽ ഒപ്പിട്ടു വാങ്ങി. അറബി സംസാരിക്കാൻ അറിയാമെങ്കിലും സിസിലിക്ക് വായിക്കാൻ അറിയില്ലായിരുന്നു. സ്പോൺസറുടെ വാക്ക് വിശ്വസിച്ചു സിസിലി ഒപ്പിട്ടു നൽകി.
തുടർന്ന് സ്പോൺസറും സുഹൃത്തുക്കളും എന്നും സിസിലിയുടെ ഹോട്ടലിൽ വന്ന് 60-100 റിയാലിനൊക്കെ ഭക്ഷണം കഴിക്കാൻ തുടങ്ങി. പൈസ കിട്ടാതെ വന്നപ്പോൾ ഒരു ദിവസം(2018 ഫെബ്രുവരി 17) രാത്രി സിസിലിയും സ്പോൺസറും തമ്മിൽ തർക്കമായി. സ്പോൺസർ പോലീസിനെ വിളിക്കുകയും പോലീസ് എത്തി ഹോട്ടലും പൂട്ടി സിസിലിയെയും കൂട്ടി സ്റ്റേഷനിൽ പോയി. പിറ്റേ ദിവസം സ്പോൺസർ മറ്റൊരു പരാതിയും ഫയൽ ചെയ്തു. അതായത് 30000 ഒമാനി റിയാൽ സിസിലി സ്പോൺസർക്ക് നൽകാനുണ്ടെന്ന്. അതിനു തെളിവായി അന്ന് സിസിലി ഒപ്പിട്ട പേപ്പർ നൽകി. അപ്പോഴാണ് സിസിലിക്ക് ചതി മനസ്സിലായത്. ഒപ്പിയിട്ടതിന്റെ പേരിൽ 3 മാസം തടവും 100 റിയാൽ പിഴയും ശിക്ഷ വിധിച്ചു. ഈ സമയം മകന്റെയും മരുമകന്റെയും പാസ്പോർട്ട് സ്പോൺസർ ബ്ലോക്ക് ചെയ്തിരുന്നു. അത് പിന്നീട് കോടതി ഇടപെട്ടുകൊണ്ട് അവരുടെ പാസ്പോർട്ട് നൽകി നാട്ടിൽ എത്തിക്കുകയായിരുന്നു.
എന്നാൽ ജയിലിൽ കഴിയേണ്ടി വന്ന സിസിലി എംബസിയെ ബന്ധപ്പെട്ടപ്പോൾ 5000 റിയാൽ നൽകിയാൽ വക്കീലിനെ നൽകാമെന്നാണ് എംബസ്സി പറഞ്ഞെതെന്ന് സിസിലി പറയുന്നു. മാത്രമല്ല മറ്റുള്ള രാജ്യങ്ങളുടെ എംബസി അവരുടെ രാജ്യക്കാരെ ജയിലിൽ കാണാൻ എത്തുന്നതും നൽകുന്ന ഭക്ഷണവും വെച്ച് നോക്കുമ്പോൾ ഇന്ത്യൻ എംബസിക്ക് ഇന്ത്യക്കാരോട് പുച്ഛം മാത്രമായിരുന്നു എന്നും സിസിലി പറയുന്നു.
നിരവധി തവണ കേസ് വിളിച്ചിട്ടും സ്പോൺസർ കോടതിയിൽ ഹാജരായില്ല. ഒടുവിൽ 2 ജഡ്ജി മാറി മൂന്നാമത്തെ ജഡ്ജി വന്നപ്പോൾ അറസ്റ്റ് വാറന്റ് ഇട്ട് സ്പോൺസറേ കോടതിയിൽ എത്തിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ 4500 റിയാൽ വേണമെന്ന് സ്പോൺസർ അറിയിക്കുകയും ജഡ്ജിയുടെ നിർദേശം പ്രകാരം അത് 3500 റിയാൽ ആക്കി കുറയ്ക്കുകയും ചെയ്തു. എന്നാൽ ഈ 3500 റിയാൽ ഇല്ലാതെ സിസിലി വീണ്ടും പോലീസ് സ്റ്റേഷനിൽ കഴിഞ്ഞു. ഒരു വർഷവും 7 മാസവും പുറം ലോകം കാണാതെ സിസിലി കഴിഞ്ഞുകൂടി. ഒടുവിൽ നോർക്ക ലോക കേരള സഭയുടെ ഒമാൻ പ്രതിനിധി തയ്യിൽ ഹബീബും കബീർ തലശ്ശേരി തുടങ്ങിയവരുടെ സഹായത്തോടെ വിഷയം പുറം ലോകത്തെ അറിയിക്കുകയും സുമനസ്സുകളുടെ സഹായത്തോടെ 3500 റിയാൽ സ്വരൂപിക്കാനും കഴിഞ്ഞു.
തുടർന്ന് 3500 കൈമാറിക്കൊണ്ട് സിസിലി നാട്ടിലേക്ക് തിരിക്കാൻ എയർപോർട്ടിൽ എത്തിയപ്പോഴാണ് സിസിലിയുടെ പേരിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ തടസ്സമായത്. എന്നാൽ ഈ വാഹനങ്ങൾ സ്പോൺസർ കൈക്കലാക്കിയതായാണ് സിസിലി പറയുന്നത്. തുടർന്ന് ഒമാൻ പോലീസിന്റെ സഹായത്തോടെ പ്രശ്നങ്ങളെല്ലാം നീങ്ങി ഞായറാഴ്ച സിസിലി നാട്ടിലേക്ക് എത്തി. വർഷങ്ങളോളം അന്യനാട്ടിൽ പോയി സമ്പാദിച്ച് നിർമിച്ച വീടും വസ്തുവും ജപ്തിയായതിൽ ദുഃഖത്തിലാണ് സിസിലി. 22 ലക്ഷം രൂപയോളം ബാങ്ക് ലോണെടുത്താണ് ബിസിനസും മറ്റു കാര്യങ്ങൾ നടത്തിയിരുന്നത്. വീടും വസ്തുവും ലേലത്തിന് പോകാതെ തനിക്ക് തന്നെ സ്വന്തമാക്കണം എന്ന ആഗ്രഹം മാത്രമാണ് ഹൃദ്രോഗിയായ സിസിലിയുടെ ആവശ്യം.
സിസിലി മുരളി : 9562163039