മടവൂർ : നവകേരളം കർമപദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ തനത് കാർഷിക സംസ്കൃതിയെ നെഞ്ചിലേറ്റി ‘പാഠം ഒന്ന് പാടത്തേക്ക്’ പ്രവർ ത്തനങ്ങളുമായി മടവൂർ ഗവ. എൽ.പി.എസിൽ നെൽകൃഷിക്ക് തുടക്കം കുറിച്ചു.
സ്കൂളിനോട് ചേർന്നുള്ള ആനകുന്നം ഏലായിൽ തുടർച്ചയായ അഞ്ചാമത്തെ വർഷവും നൂറുകണക്കിന് ഗ്രാമവാസികൾ സാക്ഷ്യം വഹിച്ച നടീൽ ഉത്സവത്തിന് തുടക്കമായി.
വിദ്യാലയ പ്രവർത്തനമെന്ന നിലയിൽ പഠന നേട്ടങ്ങ ളുമായി കണ്ണിചേർത്ത് ‘വയലറിവ്’ എന്ന പേരിലാണ് നടീൽ ഉത്സവം സംഘടിപ്പിച്ചത്. വയലോരത്ത് സജ്ജീ കരിച്ച പവിലിയൻ വയലിനെയും നെൽകൃഷിയെയും സംബന്ധിച്ച വിവരങ്ങളുടെ ദൃശ്യമണ്ഡപമായി.
പ്രൈമറി പാഠപുസ്തകങ്ങളിലെ ഉള്ളടക്കങ്ങളായ വയൽ ജൈവവൈവിധ്യത്തിന്റെ കലവറ, അധ്വാനത്തിന്റെ മഹത്ത്വം, ഭക്ഷ്യസുരക്ഷ, കൃഷിപ്പാട്ടുകൾ തുടങ്ങിയ കൃഷി അറിവുകൾ വിനിമയം ചെയ്യപ്പെട്ടു. കർഷക വേഷമണിഞ്ഞ കുട്ടികളുടെ നൃത്തച്ചുവടുകളും കണ്ടത്തെ ഉത്സവ ലഹരിയിലാഴ്ത്തി.
കഞ്ഞിയും പുഴുക്കുംകൊയ്ത്തുത്സവത്തിന് രുചിയേകി. നടീൽ ഉത്സവത്തിന്റെ ഉദ്ഘാടനം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജുകുമാർ നിർവഹിച്ചു.