കല്ലമ്പലം: മാവിൻമൂട് മുള്ളറം കോട് ഗവ.എൽ.പി സ്കൂളിൽ കമ്പി ഇറക്കുന്നതിനെക്കുറിച്ച് തൊഴിലാളി യൂണിയനും കോൺട്രാക്ടറും തമ്മിലുണ്ടായ തർക്കത്തിൽ നിർമാണ പ്രവൃത്തികൾ നിർത്തിവച്ചു.
കല്ലമ്പലം പോലീസ് ഇടപെട്ടെങ്കിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും കോടതി വിധി വന്ന ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും കോൺട്രാക്ടർ അറിയിച്ചു. എൽ.പി.എസിൽ അടുത്തിടെ ആരംഭിച്ച രണ്ടു നില കെട്ടിടത്തിന്റെ പണിയാണ് തർക്കത്തിനിടയിൽ മാറ്റി വച്ചത്. വ്യാഴാഴ്ച്ച പകൽ പണികൾക്ക് ആവശ്യമായ കമ്പിയുമായി ലോറി സ്കൂൾ
കോമ്പൗണ്ടിൽ എത്തിയതിന് ശേഷമാണ് തർക്കമുണ്ടായത്. കമ്പികൾ ഇറക്കുന്നതിനായി മാവിൻമൂട്ടിലെ വിവിധ തൊഴിലാളി യൂണിയനുകൾ സമീപിച്ചെങ്കിലും കോൺട്രാക്ടർ വഴങ്ങിയില്ല. ഗവൺമെൻ്റ് കരാറുകാർക്ക് ഇഷ്ട്മുള്ളവരെ കൊണ്ട് ജോലി ചെയ്യിക്കാൻ അവകാശ മുണ്ടെന്നും കമ്പി ഇറക്കാൻ ആവശ്യമായി തൊഴിലാളികൾ ഞങ്ങൾക്കുണ്ടെന്നും കോൺട്രാക്ടർ തൊഴിലാളി യൂണിയനുകളെ ബോധ്യപ്പെടുത്തി.
പൊതു സ്ഥലങ്ങളിൽ പണി നടക്കുമ്പോൾ സാധനം ഇറക്കുകയും കയറ്റുകയും ചെയ്യുന്നതിന് തൊഴിലാളി യൂണിയനുകൾക്ക് തടസ്സമില്ലെന്ന വാദവുമായി യൂണിയൻകാരും രംഗത്തെത്തിയതോടെ വാക്കേറ്റമായി. തുടർന്ന് പോലീസ് എത്തി ഇരുകൂട്ടരുമായും ചർച്ച നടത്തിയെങ്കിലും ആരും വഴങ്ങയില്ല. അതോടെ നിർമാണ പ്രവൃത്തികൾ നിർത്തി വച്ചു.