വർക്കല: സമസ്ത കേരള സുന്നി യുവജന സംഘം വർക്കല സോൺ ‘വിതുമ്പുന്ന ഫലസ്തീൻ ജനതക്കൊപ്പം’ എന്ന ശീർഷകത്തിൽ വിചാര സദസ്സ് സംഘടിപ്പിച്ചു. പാലച്ചിറ ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടി അനീസ് സഖാഫിയുടെ അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് ജൗഹരി ഉദ്ഘാടനം ചെയ്തു. കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഫൈനാൻസ് സെക്രട്ടറി ജാബിർ ഫാളിലി മുഖ്യപ്രഭാഷണം നടത്തി.
ഇസ്രായേൽ – ഫലസ്തീൻ യുദ്ധം അനിശ്ചിതത്വത്തിലേക്കും തീവ്രതയിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്രസമൂഹവും യു.എന്നും അടിയന്തിരമായി ഇടപെടണമെന്നും, ഇസ്റാഈലിന് സാമ്പത്തികവും സായുധവുമായ സഹായം നൽകിയ ലോക രാഷ്ട്രങ്ങൾ ഇസ്റാഈൽ ആക്രമിക്കപ്പെടുമ്പോൾ മാത്രം മനുഷ്യജീവന്റെ വിലയെക്കുറിച്ച് ആകുലപ്പെടുന്നത് മാനുഷിക വിരുദ്ധമാണെന്നും, യുദ്ധത്തിന്റെ പേരിൽ പിഞ്ചു കുഞ്ഞുങ്ങൾ അടക്കമുള്ള നിരപരാധികൾ ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും പൂർണമായും അവസാനിപ്പിക്കാൻ മാനവികനന്മ ഉൾകൊള്ളുന്ന മുഴുവൻ രാജ്യങ്ങളും മുന്നോട്ട് വരണമെന്നും അന്താരാഷ്‌ട്ര യുദ്ധ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റിൽ പറത്തി കുടിവെള്ളം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തി, ജനവാസ കേന്ദ്രങ്ങൾ മുന്നറിയിപ്പില്ലാതെ ആക്രമിക്കുന്ന ഇസ്രായേൽ നടപടി നീതികരിക്കാവുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.നൗഫൽ മദനി സ്വാഗതവും, സിയാദ് നന്ദിയും പറഞ്ഞു.