തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആര് ഭരിച്ചാലും സമര ചെയ്യാമെന്ന് തെളിയിച്ച നേതാവാണ് ആനത്തലവട്ടം ആനന്ദനെന്ന് ഡോ.തോമസ് ഐസക്. ഇഎംഎസിൻ്റെ ഭരണകാലത്താണ്കയർ തൊഴിലാളികളുടെ നരകജീവിതത്തിന് പരിഹാരമാവശ്യപ്പെട്ട് ആനത്തലവട്ടം ആനന്ദൻ ചിറയിൻകീഴിലെ കയർ തൊഴിലാളികളെയും കൊണ്ടു സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിനെത്തിയത്. പാർട്ടി അംഗമായ ആനന്ദൻ തന്നെ കയർ തൊഴിലാളികളേയും കൊണ്ട് സമരം ചെയ്യാൻ സെക്രട്ടറിയറ്റ് പടിക്കലെത്തിയത് വലിയ ചർച്ചയായി. നടപടി വേണമെന്ന് വരെ പലരും ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായിരുന്ന ഇ എം എസ് പറഞ്ഞത് ആര് ഭരിച്ചാലും ചില ഘട്ടങ്ങളിൽ സമരം വേണ്ടിവരുമെന്നാണ്. കേരളത്തിലെ കയർ തൊഴിലാളികളുടെ കഷ്ടതകൾ പരിഹരിക്കുവാൻ ഒരു പുരുഷായുസ് മുഴുവൻ അദ്ദേഹം ചിലവഴിച്ചു. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന കാലഘട്ടത്തിൽ ജീവിക്കുവാനുള്ള കൂലിക്ക് വേണ്ടി അദ്ദേഹം പൊരുതി.പാർലമെൻ്റിൽ പോലും കയർ തൊഴിലാളുകളുടെ ജീവിത പ്രാരാബ്ദങ്ങൾ എകെജി യെ കൊണ്ട് വരച്ചുകാട്ടിച്ചു.കേന്ദ്രമന്ത്രിയെ കേരളത്തിലെത്തിച്ചു നേരിട്ടു ബോദ്ധ്യപ്പെടുത്തിച്ചു. കേരളത്തിലെ നാനാ മേഖലയിലെ തൊഴിലാളികളുടെയും ഉയർച്ചക്കായി അദ്ദേഹം നന്നായി ഇടപെട്ടു. ശ്വാസം നിലയ്ക്കുന്നതു വരെ അദ്ദേഹം പോരാടി. ഐസക് കൂട്ടി ചേർത്തു.
കേരള കയർ വർക്കേഴ്‌സ് സെൻ്റർ ( സിഐടിയു)വിൻ്റെ നേതൃത്വത്തിൽ പെരുങ്ങുഴി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പതിറ്റാണ്ടോളം കയർ സെൻ്റർ ഭാരവാഹിയായി പ്രവർത്തിച്ച ആനത്തലവട്ടം ആനന്ദൻ്റെ അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂണിയൻ ജില്ലാ പ്രസിഡൻറ് ആർ.സുഭാഷ് അദ്ധ്യക്ഷനായി. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ.സായികുമാർ ,യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ കയർ സെൻ്റർ അംഗങ്ങളായ പി.മണികണ്ഠൻ, ജി.വാസൻ ,ആർ.അജിത്ത്, അനിൽജോയി, ബി.ചന്ദ്രികയമ്മ, ആർ.അംബിക, ആർ.സുര, എസ്.വി.അനിൽലാൽ എന്നിവർ സംസാരിച്ചു.