കിളിമാനൂർ ഗവൺമെന്റ് ഠൗൺ യുപിഎസ് പഴയ സ്കൂൾ വാഹനം യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പൊളിച്ചു വിറ്റതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള അഴിമതിയും ഗൂഢാലോചനയും പുറത്തുകൊണ്ടുവരണമെന്നും, സർക്കാരിനും സ്കൂളിനും ഉണ്ടായിട്ടുള്ള നഷ്ടം നികത്തുന്നതിനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സ്കൂളിലെ ചില അധ്യാപകരുടെയും നാട്ടുകാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സംയുക്ത സഹകരണത്തോടുകൂടിയാണ് നിലവിൽ പൊളിച്ചുവിറ്റ വാഹനം വാങ്ങുന്നത്. ഹെഡ്മാസ്റ്റർ ടൗൺ യുപിഎസ് എന്ന പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആ വാഹനം നിലവിൽ സർക്കാർ വാഹനമാണ്. ഒരു സർക്കാർ വാഹനം വിൽപ്പന നടത്തുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങൾ ഒന്നും തന്നെ ഇതിൽ പാലിക്കപ്പെട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ രേഖാമൂലമുള്ള അനുമതി വാങ്ങുകയോ, ആർടിഒ, പിഡബ്ല്യുഡി മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ എസ്റ്റിമേറ്റ്, പൊളിക്കൽ രേഖ ഇവ ഒന്നും വാങ്ങാതെയും, വ്യാജ രേഖകൾ ചമച്ചും പഞ്ചായത്തിനെയും സർക്കാരിനെയും കബളിപ്പിച്ചുമാണ് നിസാര വിലയ്ക്ക് വിറ്റു തുലച്ചത്. കൂടാതെ അതിൽ നിന്ന് കിട്ടിയ പണത്തിന് നിലവിൽ യാതൊരു രേഖകളും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഹെഡ്മാസ്റ്റർ പിടിഎ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാതെ തന്റെ സ്വകാര്യ അക്കൗണ്ട് വഴി പണം ചിലവഴിച്ചതായി എഐഎസ്എഫ് മണ്ഡലം കമ്മിറ്റി ആരോപണം ഉന്നയിച്ചു.
കിളിമാനൂരിന്റെ ചരിത്രത്തിൽ ഒട്ടനവധി മഹാരഥന്മാരെ സംഭാവന ചെയ്ത ഠൗൺ യുപിഎസിന്റെ ഇന്നത്തെ നിലവാര തകർച്ചയ്ക്ക് ഇത്തരം പ്രവർത്തനങ്ങൾ വളരെയധികം കാരണമാകുന്നുണ്ട്.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, സ്കൂൾ ഡെവലപ്മെന്റ് ഫണ്ട്, സ്കൂൾ പിടിഎ ഫണ്ട്, മറ്റ് മെയിന്റനൻസ് ഫണ്ടുകൾ ഇവയിലെല്ലാം വൻ അഴിമതിയും തിരിമറിയും ആണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരോപിച്ചു.ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള ചോദ്യം ചെയ്യലുകൾ നടത്തുന്നവരെ വിവിധ കേസുകൾ കൊടുത്തു ഭീഷണിപ്പെടുത്തുന്ന സമീപനമാണ് നടന്നു വരുന്നതെന്നും ആക്ഷേപിച്ചു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് അറുതി വരുത്തുന്നത് വരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും എഐഎസ്എഫ് മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കിളിമാനൂർ എ ഇ ഒ ഓഫീസിൽ എ ഐ എസ് എഫ് മണ്ഡലം കമ്മിറ്റി പരാതിയിട്ടുണ്ട്. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം ബി അനീസ്, ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധിഖ്, മണ്ഡലം പ്രസിഡന്റ് മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.