ആറ്റിങ്ങൽ : വാഹന ഷോറൂമുകളിൽ നടക്കുന്ന പലതരം തട്ടിപ്പുകൾ കേട്ടിട്ടുണ്ട്. എന്നാൽ ആരും അറിയാതെ പോകുന്ന ഒരു വമ്പൻ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ആലംകോട് സ്വദേശിയായ ഹാഷിർ.
മൂന്ന് മാസം മുൻപാണ് ഹാഷിർ ആറ്റിങ്ങൽ മാമത്ത് പ്രവർത്തിക്കുന്ന ഒരു വാഹന ഷോറൂമിൽ നിന്നും റ്റാറ്റാ ഐറിസ് വാഹനം വാങ്ങുന്നത്. വളരെ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് തള്ളി നീക്കുന്ന ഹാഷിർ ഫിനാൻസ് ചെയ്ത് മാസം അടവ് നൽകി വാഹനം എടുക്കാനാണ് ആദ്യം നോക്കിയത്. എന്നാൽ ഷോറൂമിലെ സ്റ്റാഫുകൾ ഫിനാൻസ് ഇടുന്നതിനേക്കാൾ നല്ലത് മൊത്തം തുകയും ഒരുമിച്ച് അടച്ച് വാഹനം സ്വന്തമാക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ നിന്ന് കടം വാങ്ങി ഷാഹിർ 3, 60, 000 രൂപ നൽകി വാഹനം സ്വന്തമാക്കി. നൽകിയ തുകയിൽ ഇൻഷുറൻസും ടാക്‌സും ആർടിഒ ഫീസും ഉൾപ്പെടുമെന്ന് മാനേജർ പറഞ്ഞതായും ഹാഷിർ പറയുന്നു.
തുടർന്ന് വാഹനം രജിസ്റ്റർ ചെയ്യാൻ ആർടിഒ ഓഫീസിൽ എത്തിയപ്പോഴാണ് മുഴുവൻ തുകയും നൽകി വാങ്ങിയ വാഹനം ഫിനാൻസ് ചെയ്തിരിക്കുന്നതായി അറിഞ്ഞത്. തെറ്റ് കണ്ടെത്തിയ ആർടിഒ വാഹനം ചെക്കിങ് പാസാക്കാതെ പോയി. ആ സമയം ഷോറൂമിൽ ബന്ധപ്പെട്ടപ്പോൾ അബദ്ധം പറ്റിയതാണെന്നും ഉടൻ പരിഹരിക്കാമെന്നും പറഞ്ഞെന്ന് ഹാഷിർ പറയുന്നു. എന്നാൽ ഇപ്പോൾ മൂന്ന് മാസത്തോളമായി വാഹനം നിരത്തിലിറക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനോടകം ഹാഷിറിന് ഒരു ലക്ഷത്തോളം രൂപ നഷ്ടം വന്നതായും പറയുന്നു. നിരന്തരം ഷോറൂമിൽ കയറി ഇറങ്ങുന്നതല്ലാതെ ഹാഷിറിന് ഒരു പരിഹാരം കാണാൻ ഷോറൂം മാനേജറോ സ്റ്റാഫുകളോ ശ്രമിക്കുന്നില്ലെന്ന് ഹാഷിർ പറയുന്നു. മാത്രമല്ല ഷോറൂം ജീവനക്കാർ മോശമായി പെരുമാറുന്നെന്നും വീണ്ടും പണം ആവശ്യപ്പെടുന്നെന്നും മാനേജർ സ്ഥലത്തില്ല എന്നൊക്ക പറയുന്നതായും ഹാഷിർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹാഷിർ ആറ്റിങ്ങൽ പോലീസ് സി.ഐ ക്ക് പരാതി നൽകി.