നെടുമങ്ങാട് നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന മേലാംകോട് പട്ടികജാതി പെൺകുട്ടികൾക്കുള്ള നവീകരിച്ച പ്രീ-മെട്രിക് ഹോസ്റ്റൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു മിടുക്കരായ വിദ്യാർത്ഥികളായി വളരാനുള്ള സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോസ്റ്റൽ നവീകരിച്ചതെന്ന് മന്ത്രി പറഞ്ഞു.
2005ലാണ് മേലാംകോട് പട്ടികജാതി പെൺകുട്ടികൾക്കായി പ്രീമെട്രിക് ഹോസ്റ്റൽ നിർമിച്ചത്. നവീകരണത്തിന്റെ ഭാഗമായി പുതിയ കെട്ടിടവും നിർമിച്ചു. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. കൂടാതെ അഞ്ചു ലക്ഷം രൂപയുടെ ഫർണിച്ചറുകളും കുട്ടികൾക്കായി സജ്ജമാക്കി. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 കുട്ടികൾ ഹോസ്റ്റലിലെ അന്തേവാസികളാണ്. കുട്ടികൾക്കായി സ്പെഷ്യൽ ട്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബി.സതീശൻ, മറ്റു സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.