ചിറയിൻകീഴ് : പെരുമാതുറ മാടൻവിളയിൽ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ കൊടുമൺ എംഎസ് നിവാസിൽ കൊച്ച് മോൻ എന്ന് വിളിക്കുന്ന ആകാശ്, ആലംകോട് വഞ്ചിയൂർ മേവർക്കൽ ഇഞ്ചപ്പുരയിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ(32), മുടപുരം എൻഇഎസ് ബ്ലോക്ക് പുതുവൽ വിള വീട്ടിൽ സബീർ (28) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 30നു മാടൻവിളയിൽ KL.08.AE.1038 എന്ന ലാൻസർ കാറിൽ വന്ന മൂന്നുപേർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പെരുമാതുറ അർഷിദ്(28), മാടൻവിള സ്വദേശി ഹുസൈൻ (30) എന്നിവർക്ക് നേരെയും ജാസിൻ മൻസിൽ എന്ന വീട്ടിലും ആക്രമണം നടത്തുകയും KL 16 K 3611 മാരുതിക്കാറിന്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും മാടൻവിള സ്വദേശി സഹലിന്റെ ദേഹത്തും പണി വിളാകം എന്ന വീട്ടിലും ബോംബ് എറിയുകയും അർഷിദിന് ഗുരുതരമായ പരിക്ക് പറ്റുകയും ചെയ്തു.
സംഭവത്തിനുശേഷം ഒളിവിൽ പോവുകയും പ്രതികളെ പൂവൻപാറ ഭാഗത്ത് വെച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി. ജയകുമാർ ടി യുടെ നേതൃത്വത്തിൽ മംഗലപുരം എസ്എച്ച്ഒ സിജു കെഎൽ നായർ, കഠിനംകുളം എസ്എച്ച്ഒ ചന്ദ്രദാസ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും പ്രതികൾ സഞ്ചരിച്ചു വന്ന വാഹനവും ആയുധവും നിർമിച്ച നടൻ ബോംബുകളും കണ്ടെത്തി.
രണ്ടാംപ്രതി ചിറയിൻകീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളും മൂന്നാംപ്രതി ആറ്റിങ്ങൽ സ്റ്റേഷനിലെ ഗുണ്ട ആക്ടിൽപ്പെട്ട ആളുമാണ്. സ്ഫോടക വസ്തു നിർമ്മിച്ച് നൽകിയ ചിറയിൻകീഴ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഉണ്ണി എന്ന് വിളിക്കുന്ന അജിത്തിന്റെ വീട്ടിൽ ചിറയിൻകീഴ് പോലീസ് നടത്തിയ പരിശോധനയിൽ നാടൻ ബോംബുകൾ കണ്ടെത്തുകയും അജിത്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മാടൻവിളയിൽ വച്ച് പ്രതികളും നാട്ടുകാരും തമ്മിലുണ്ടായ തർക്കമാണ് പ്രതികൾ ആക്രമണം നടത്തിയതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കെതിരെ കൊലപാതക ശ്രമം, സ്ഫോടകവസ്തു നിയമം, ആയുധനിയമം എന്നിവ പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കി.