കിളിമാനൂർ: സ്കൂൾ ജംഗ്ഷനുകളിൽ അപകടം ഒഴിവാക്കാനായി സ്ഥാപിച്ചിരിക്കുന്ന ഹമ്പുകൾ അപകടകെണിയായി മാറുന്നു. അഞ്ചേ കാൽ കോടിയോളം രൂപ ചെലവിട്ട് അന്തർദേശീയ നിലവാരത്തിൽ പണിത പുതിയകാവ് തകരപ്പറമ്പ് റോഡിലാണ് സ്കൂൾ ജംഗ്ഷനുകളിൽ സ്ഥാപിച്ച ഹമ്പുകൾ അപകടകാരിയാകുന്നത്.
റോഡ് വിതി കൂട്ടി ടാർ ചെയ്ത ശേഷം റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്തിരുന്നു. ഹമ്പുകൾ നിർമ്മിച്ചത് റോഡിലെ ടാർ ഭാഗത്ത് മാത്രമായിട്ടാണ്. ഇതു കാരണം ഹമ്പിന്റെ ഇരുഭാഗത്തുള്ള കോൺക്രീറ്റിൽ കൂടി ഇരുചക്രവാഹനങ്ങൾക്കും കാറുകൾക്കും കടന്നു പോകാൻ വീതിയുണ്ട്. ഇത് കാരണം ഹമ്പിന്റെ ഭാഗത്ത് പോലും വേഗത കുറയ്ക്കാതെ കോൺക്രീറ്റ് പാതയിലൂടെ കടന്നു പോകാൻ കഴിയുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽ നടയാത്രക്കാർ കോൺക്രീറ്റ് ഭാഗത്ത് കൂടിയാണ് നടന്നു പോകുന്നത്. അമിത വേഗതയിൽ എത്തുന്ന ബൈക്കുകൾ കോൺക്രീറ്റ് ഭാഗത്ത് കൂടി കടന്നു പോകുന്നതിനിടയിൽ ഹമ്പിൽ തട്ടി മറിഞ്ഞു വീഴും.
ചിലയിടങ്ങളിൽ നാട്ടുകാർ കല്ലുകൾ പറക്കി വച്ചാണ് അപകടങ്ങൾ ഒഴിവാക്കുന്നത്. പണി പൂർത്തിയാക്കിയ ഈ റോഡിനെ ചൊല്ലി എന്നും പരാതികളെയുള്ളൂ. പൂർത്തിയാക്കാതെ നീണ്ടു പോയ ഈ റോഡ് പണി ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായായാണ് പണി പൂർത്തിയാക്കിയത്. എന്നാൽ കരാറിൽ പറഞ്ഞ പ്രകാരമല്ല പണി നടത്തിയതെന്ന ആക്ഷേപവും ഇവിടെ ശക്തമാണ്. പലയിടത്തും വെള്ളക്കെട്ടും, നടപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയും നാട്ടുകാർ ചൂണ്ടികാണിക്കുന്നു. ഇതിനിടയിലാണ് ഈ ഹമ്പിന്റെ അവസ്ഥയും.