ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ അച്ഛനെയും കൊണ്ട് ചികിത്സയ്ക്ക് എത്തിയ യുവാവിന്റെ ഓട്ടോ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.ഇടുക്കി തൊടുപുഴ ഉടമ്പന്നൂർ കളപ്പുരക്കൽ വീട്ടിൽ ഷാജിയാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ആറ്റിങ്ങൽ ചിറ്റാറ്റിൻകര സ്വദേശി ശ്രീഹരിയുടെ ഉടമസ്ഥതയിലുള്ള KL21E 0319 എന്ന ആപ്പേ ഓട്ടോറിക്ഷയിൽ ശ്രീഹരിയും അച്ഛനും ആശുപത്രിയിൽ എത്തിയത്. ഉച്ചയ്ക്ക് 1 മണിക്ക് ചികിത്സ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങാൻ ഓട്ടോ പാർക്ക് ചെയ്തിരുന്നിടത്ത് എത്തിയപ്പോഴാണ് വാഹനം കളവുപോയ വിവരം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പാർക്കിംഗ് ഏരിയയിൽ കറങ്ങി നടന്ന് പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മോഷണം ചെയ്തെടുക്കലാണ് ഇയാളുടെ രീതി. കേരളത്തിലുടനീളം പത്തോളം വാഹനം മോഷണ കേസിലെ പ്രതിയാണ് ഇയാൾ. മോഷ്ടിച്ച വാഹനവുമായി മൂവാറ്റുപുഴയിൽ ഒളിവിൽ ആയിരുന്ന പ്രതിയെ രഹസ്യവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ് ഐ അഭിലാഷ്,എ എസ് ഐ രാജീവൻ, സിപിഒ റിയാസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.