ആറ്റിങ്ങൽ: പ്രാഥമികാരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ ആരംഭിച്ച ആദ്യത്തെ ജനകീയ ആരോഗ്യ കേന്ദ്രം രാമച്ചംവിളയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വെൽനെസ് സെന്റെർ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു. 82 ലക്ഷം രൂപ ചിലവിട്ടാണ് നഗരസഭ ഈ വെൽനസ് സെന്റെർ ആരംഭിച്ചത്. സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടി 1 ഡോക്ടർ, 1 നഴ്സ്, 1 ഫാർമസിസ്റ്റ്, 1 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, 1 സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാരെ നീയമിച്ചിട്ടുണ്ട്. സെന്റെർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടകയും പരിപാലനവും ജീവനക്കാരുടെ വേതനം, ആവശ്യമായ മരുന്നിനും മെഡിക്കൽ ഉപകരണങ്ങൾക്കും ഉൾപ്പടെ 82 ലക്ഷം രൂപയാണ് നഗരസഭ വകമാറ്റിയിട്ടുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 4 മണി വരെ പ്രവർത്തിക്കുന്ന സെന്റെറിൽ ഉച്ചക്ക് 1 മണി വരെയായിരിക്കും ഒപി യുടെ സേവനം ലഭിക്കുന്നത്. ഇവിടെ എത്തുന്ന രോഗികൾക്ക് വിദഗ്ധ ചികിൽസ ആവശ്യമെങ്കിൽ വലിയകുന്ന് താലൂക്കാശുപത്രിയിൽ തുടർസേവനം ലഭ്യമാവും. നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സെന്റെറിനു വേണ്ടി ഭാവിയിൽ നഗരസഭ സ്വന്തമായി സ്ഥലം കണ്ടെത്തി സ്ഥാപനത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ചെയർപേഴ്സൺ അറിയിച്ചു. രാമച്ചംവിള ജംഗ്ഷനിൽ നടന്ന അനുബന്ധ യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷനായി. സെക്രട്ടറി കെഎസ്. അരുൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ രമ്യാസുധീർ, എ.നജാം, വാർഡ് കൗൺസിലർ എസ്.സുഖിൽ, ജനപ്രതിനിധികളായ പി.ഉണ്ണികൃഷ്ണൻ, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. കോഡിനേറ്റർ സതീഷ് യോഗത്തിന് നന്ദിയും പറഞ്ഞു.